ഓട്ടോറിക്ഷയിലേക്ക് വെള്ളം തെറിച്ചെന്ന്; ബസ് ഡ്രൈവറെ ചെളിവെള്ളത്തിൽ കുളിപ്പിച്ചു

ചാവക്കാട്: ദേശീയപാത തിരുവത്ര അത്താണിയിൽ സ്വകാര്യബസ് കുഴിയിൽ ചാടി ഓട്ടോറിക്ഷയിലേക്ക് വെള്ളം തെറിച്ചതിനെത്തുടർന്ന് നാടകീയ രംഗങ്ങൾ. വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച് ഓട്ടോഡ്രൈവർമാർ സംഘടിച്ച് ചാവക്കാട് ബസ്‌സ്റ്റാൻഡിലെത്തി ബസ്‌ഡ്രൈവറെ ചെളിവെള്ളത്തിൽ കുളിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻതന്നെ പ്രശ്നം പരിഹരിച്ചു.

ബസ്ഡ്രൈവർക്ക് പുതിയ വസ്ത്രവും ട്രിപ്പ് മുടങ്ങിയതിന്റെ നഷ്ടപരിഹാരവും ഓട്ടോഡ്രൈവർമാർ നൽകണമെന്ന വ്യവസ്ഥയോടെയാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്. ബുധനാഴ്ച രാവിലെ 11.45-നാണ് സംഭവം. മന്ദലാംകുന്നുനിന്ന് ചാവക്കാട്ടേക്ക്‌ വരികയായിരുന്ന സ്വകാര്യ ബസ് തിരുവത്ര അത്താണിയിൽ ദേശീയപാതയിലെ വലിയ ചെളിക്കുഴിയിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ബസ് ചെളിക്കുഴിയിൽ വീണതോടെ ഇതുവഴി ചാവക്കാട്ടേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ചെളിവെള്ളം തെറിക്കുകയായിരുന്നു. ഓട്ടോഡ്രൈവർ ഉടൻ ചാവക്കാട് ബസ്‌സ്റ്റാൻഡിനടുത്ത ഓട്ടോപാർക്കിലെ മറ്റ് ഡ്രൈവർമാരോട് വിവരം പറഞ്ഞു. ഓട്ടോറിക്ഷ ചാവക്കാട് ബസ്‌സ്റ്റാൻഡിലെ ഓട്ടോപാർക്കിലെത്തുമ്പോഴേക്കും ഡ്രൈവർമാർ സംഘടിച്ച് പാത്രത്തിൽ ചെളികലക്കി വെള്ളം തെറിപ്പിച്ച ബസ്ഡ്രൈവറുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി ബസ് ഡ്രൈവർമാരും രംഗത്തെത്തി.

വിവരമറിഞ്ഞ് എസ്.എച്ച്.ഒ. ജി. ഗോപകുമാർ, എ.എസ്.ഐ. വിൽസൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി. പോലീസ് തന്നെ പ്രശ്‌നത്തിന് പരിഹാരവും നിർദേശിച്ചു. ബസ് ഡ്രൈവർക്ക് പുതിയ വസ്ത്രവും മുടങ്ങിയ ട്രിപ്പിന്റെ തുകയും ഓട്ടോഡ്രൈവർമാർ നൽകണമെന്നായിരുന്നു നിർദേശം. ഈ നിർദേശം ഓട്ടോഡ്രൈവർമാർ അംഗീകരിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി. ചാവക്കാട്-പുതുപൊന്നാനി ദേശീയപാത തകർന്ന് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടുണ്ട്. ഈ കുഴികളിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ വാഹനങ്ങൾ വീണ് അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.

Leave a Reply

Your email address will not be published.