ഓണ്ലൈന് ക്ലാസിനിടെ പെണ്കുട്ടിയുടെ ഫോണിലേക്ക് അശ്ലീലസന്ദേശം; യുവാവ് അറസ്റ്റില്

കൊച്ചി: ഓൺലൈൻ ക്ലാസിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങളയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ഈസ്റ്റ് സ്വദേശി അഖിലിനെ(20)യാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ ഫോണിലേക്ക് അഖിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നത്. പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. ശല്യം രൂക്ഷമായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

തൃക്കാക്കര അസി. കമ്മീഷണറുടെ നിർദേശപ്രകാരം ഉദയംപേരൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ബാലൻ, സബ് ഇൻസ്പെക്ടർമാരായ ജിൻസൺ ഡൊമിനിക്, പി.എൻ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, അജിൻസ, ശ്രീരേഖ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് കോവിഡ് സെന്ററിലേക്ക് മാറ്റി.

ഓൺലൈൻ ക്ലാസിനിടെ ചാറ്റ് റൂമുകൾ ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പോലീസിന് കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. ഇതിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്സ്യൂൾ രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.

Share via
Copy link
Powered by Social Snap