ഓണ്ലൈന് ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തി പണവും വാഹനവും കവർന്ന് യാത്രക്കാർ മുങ്ങി

ബെംഗലൂരു: മൂന്നു യാത്രക്കാർ ചേർന്ന് ഒല ടാക്സി ഡ്രൈവറെ കൊള്ളയടിച്ച് പണവും കാറും കവർന്നു കടന്നുകളഞ്ഞതായി പരാതി. ഹൊസൂർ റോഡിലെ കുഡ്‍ലു ഗേറ്റിനു സമീപം താമസിക്കുന്ന ടാക്സി ഡ്രൈവർ ശിവകുമാറാണ് പരാതി നൽകിയത്. ഒല ആപ്പിൽ യാത്ര ബുക്ക് ചെയ്ത മൂന്നുപേരാണ് കവർച്ച നടത്തിയത്. യാത്ര ബുക്ക് ചെയ്ത നമ്പറിൽ നിന്ന് ഒരാൾ ശിവകുമാറിനെ വിളിക്കുകയും വൈറ്റ്ഫീൽഡിലേക്ക് പോകണമെന്ന് പറയുകയും ചെയ്യുകയായിരുന്നു.

ആ സമയത്ത് താൻ  ദേവനഹള്ളി ടോൾ പ്ലാസയ്ക്കു സമീപമായിരുന്നവെന്നും തന്നോട് അതിനടുത്തുളള ടോൾ ഗേറ്റിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ശിവകുമാർ പറയുന്നു. ഒ ടി പി നൽകിയശേഷം മൂന്നു പേരും കാറിൽ കയറിയെങ്കിലും ഇടയ്ക്ക് മൂന്നു തവണ പോകേണ്ട സ്ഥലം മാറ്റി പ്പറഞ്ഞു.ഒടുവിൽ ബുഡിഗെരെ ക്രോസ് എത്തിയപ്പോൾ കത്തി കാണിച്ച്  ഭീഷണിപ്പെടുത്തി വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

തന്നെ ബലപ്രയോഗത്തിലൂടെ കാറിൽ നിന്നിറക്കിയതിനു പുറമേ അന്നു ലഭിച്ച 8000 രൂപയും മൊബൈൽ ഫോണും കവർച്ച സംഘത്തിനു നൽകേണ്ടി വന്നതായും ശിവകുമാർ പറയുന്നു. ഒല ടാക്സി ബുക്ക് ചെയ്ത മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കാടുഗോഡി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap