ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനത്തെ കേന്ദ്രം പിന്തുണയ്ക്കണം ഡി എ കെ എഫ്

:വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ സഹകരിച്ച് കോവിഡ് ചികിത്സയ്ക്കാവശ്യമായ മരുന്നുകളും വാക്സിനും ചികിത്സാ ഉപകരണങ്ങളും വികസിപ്പിക്കുന്ന ‘ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാന’ത്തിന് ഇന്ത്യഗവണ്മെന്റ് പിന്തുണ നല്‍കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി എ കെ എഫ് ) അഭ്യര്‍ത്ഥിച്ചു. ‘ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാന’ത്തിന് കേരളാ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ആവേശകരമാണെന്ന് ഡി എ കെ എഫ് പ്രസിഡന്‍റ് ഡോ. എ. സാബുവും ജനറല്‍ സെക്രട്ടറി ടി. ഗോപകുമാറും പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളെക്കൂടി ഈ പ്രസ്ഥാനവുമായി കണ്ണിചേരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. കോവിഡ് നിർണയം, ചികിത്സ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും വിവിധ ഏജൻസികൾ പലയിടങ്ങളിൽ നിന്ന് നടത്തുകയും വിവരങ്ങളെല്ലാം ഗോപ്യമായി വയ്ക്കുകയും ചെയ്യുന്നത് മാനവരാശിയുടെ ഒരുമിച്ചുള്ള മുന്നേറ്റത്തിന് ഗുണകരമല്ല. ഇത്തരത്തില്‍ രഹസ്യമായി ചെയ്യുന്ന ഗവേഷണങ്ങളുടെ ഫലമായുണ്ടാകുന്ന അറിവുകളെ പേറ്റന്‍റ് ചെയ്ത് കയ്യടക്കി വയ്ക്കുകയും അത് കൊള്ളലാഭം വര്‍ദ്ധിപ്പിക്കാനുള്ള വഴിയായി ഉപയോഗിക്കുകയും ചെയ്യും. കണ്ടുപിടിക്കപ്പെടുന്ന മരുന്നുകളും വാക്സിനുകളും ഉപകരണങ്ങളും ലാഭാധിഷ്ഠിത കമ്പോള ചരക്കാക്കി മാറ്റുക വഴി ഇപ്പോള്‍ പല വാക്സിനുകളുടെയും ഉല്‍പാദനത്തില്‍ സംഭവിക്കുന്നതുപോലെ ആവശ്യക്കാര്‍ക്ക് വേണ്ടസമയത്ത് ലഭിക്കാത്ത സ്ഥിതിയുമുണ്ടാകും. അറിവുകളാകെ രഹസ്യമാക്കി വയ്ക്കുകയും ഒരേ പരീക്ഷണ നിരീക്ഷണങ്ങൾ പല ഗവേഷണ സ്ഥാപനങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നത് വേഗം ഫലം ലഭിക്കുന്നതിനും സഹായകരമല്ല. അറിവുകൾ പരസ്പരം കൈമാറി ലോകമാകെയുള്ള ഗവേഷണസമൂഹം ഒരുമിച്ചു മുന്നേറുകയാണ് വേണ്ടത്. അറിവുകളെയും കണ്ടുപിടുത്തങ്ങളെയും കുത്തകവൽക്കരിച്ച് അമിതലാഭമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഇതുപോലുള്ള സാഹചര്യങ്ങളിലെങ്കിലും മാറ്റിവെക്കാന്‍ ആധുനിക സമൂഹം തയ്യാറാകണം. കോവിഡിനെതിരായി കണ്ടുപിടിക്കപ്പെടുന്ന മരുന്ന് തങ്ങൾക്കു മാത്രമായി വേണമെന്ന് ഈയിടെ ഒരു രാഷ്ട്രത്തലവൻ പറഞ്ഞത് ഈ ഘട്ടത്തിൽ ഓർക്കണം. അത്തരം കുത്തകവത്കരണ ശ്രമങ്ങൾ ഗവേഷണം വൈകിപ്പിക്കുക മാത്രമല്ല, കണ്ടുപിടിക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാനും സാധാരണക്കാർക്ക് അപ്രാപ്യമാകാനും അത് അവികസിത, വികസ്വര രാജ്യങ്ങൾക്ക് ലഭ്യമാകാതിരിക്കാനും കാരണമാകും. ഇതിനെല്ലാം ബദലായി അറിവിന്റെ പരസ്പര പങ്കുവയ്‌പിലധിഷ്ഠിതമായി വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളായ ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി എ കെ എഫ്) സ്വാഗതം ചെയ്തു. അറിവിന്‍റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യവല്‍ക്കരണത്തിനും സഹായകമാകുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ ലോകമാകെ ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ട്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap