ഓൺലൈനാ’യി ചാരായവിൽപന; ഒടുവിലെത്തിയത് പൊലീസ്

കൊരട്ടി: തൃശൂർ കൊരട്ടിയിൽ വൻ തോതിൽ ചാരായമുണ്ടാക്കി മൊബൈൽ ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തി വിൽപന നടത്തുന്നയാളെ പിടികൂടി 
മേലൂർ നടുത്തുരുത്ത് സ്വദേശി കളത്തിൽ വീട്ടിൽ അസീസി ആൻറണി (34) ആണ് പിടികൂടിയത്. നടുത്തുരുത്ത് കേന്ദ്രീകരിച്ച് വാറ്റും വിൽപനയും നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒരു ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മഫ്തിയിൽ പൊലീസ് വരുന്നത് കണ്ട് പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിലേക്ക് മദ്യം ആവശ്യപ്പെട്ട് നിരവധി കോളുകളാണ് എത്തിയത്. 

50 ലിറ്ററോളം ചാരായം ഫോൺ വഴി ആവശ്യപ്പെട്ടവർക്ക് വീട്ടിൽ എത്തിച്ച് വിൽപന നടത്തിയതായി പ്രതി പറഞ്ഞു. പ്രതിയുടെ വീടിനു മുന്നിലെ അംഗൻവാടി കെട്ടിടത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാറ്റ് ഉപകരണങ്ങൾ. ഇവ പൊലീസ് കണ്ടെടുത്തു. സബ് ഇൻസ്പെക്ടർമാരായ രാമു ബാലചന്ദ്രബോസ്, ജോഷി, എ.എസ്.ഐമാരായ എം.എസ്. പ്രദീപ്, സുധീർ, കെ.വി. തമ്പി, എ.പി. ഷിബു, മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ വി.ആർ. രഞ്ജിത്, ഹോം ഗാഡ് ജോയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap