കക്കാടംപൊയിൽ റിസോർട്ട് പീഡനക്കേസ്: മുഖ്യപ്രതി ഫർസാന പിടിയിൽ

പയ്യോളി: കർണാടകയിലെ ചിക്കമഗളൂരിൽനിന്ന് പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള പെൺകുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുഖ്യപ്രതിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന പെൺവാണിഭ റാക്കറ്റിൽപ്പെട്ട കർണാടക സ്വദേശിനി ഫർസാന (35)യാണ് അറസ്റ്റിലായത്.
കേസിലെ നാലാം പ്രതിയാണ് ഫർസാന. പ്രതിയെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസ് ചോദ്യം ചെയ്തു. 2019ൽ തിരുവമ്പാടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ റിസോർട്ടുടമയടക്കം മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം പൂക്കോട്ടൂർ വളമംഗലം എണ്ണക്കോട്ട് പറമ്പിൽ മൻസൂർ പാലത്തിങ്കൽ (27), കൊണ്ടോട്ടി തുറക്കൽ മൻസിൽ വീട്ടിൽ നിസാർ ബാബു (37), റിസോർട്ടുടമ മലപ്പുറം ചീക്കോട് വാവൂർ തെക്കുംകോളിൽ മുഹമ്മദ്ബഷീർ (49) എന്നിവരാണ് പിടിയിലായത്.
കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പിലെ ഹിൽവ്യൂ റിസോർട്ടിൽ 2019 ഫെബ്രുവരി 12-നാണ് പെൺകുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബാലത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്. ഫർസാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേർക്ക് കാഴ്ചവെച്ചതായും പറയുന്നു. പ്രദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് നേരത്തേ മൂന്നുപേർ പിടിയിലായത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറിയത്. പിന്നീട് ബലാത്സംഗത്തിന്റെ ഇര എന്ന നിലയിൽ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ ഭ്രൂണ പരിശോധനയിൽ പിടിയിലായ നിസാർ ബാബുവാണ് ഗർഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോർട്ട് പോലീസ് വളഞ്ഞപ്പോൾ ഓടുന്നതിനിടയിൽ കല്ലുവെട്ട് കുഴിയിൽ വീണപ്പോഴാണ് ഇയാൾ പോലീസ് പിടിയിലായത്.
പ്രതിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഹരിദാസിനെക്കൂടാതെ എസ്.ഐ.മാരായ കെ.ടി. ശ്രീനിവാസൻ, പി.പി. മോഹനകൃഷ്ണൻ, എ.എസ്.ഐ. എം.പി. ശ്യാം, സിഞ്ചു, വനിതാ പോലീസുദ്യോഗസ്ഥ വിജി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.