കങ്കണ ഹിമാചലിന്റെ മകൾ, പ്രിയങ്കയുടെ വീട് പൊളിക്കുമെന്ന് മഹിളാ മോർച്ച നേതാവ്

സിംല: നടി കങ്കണാ റണാവത്തിന്‍റെ മുംബൈയിലെ ഓഫിസ് പൊളിച്ചതിനു മറുപടിയായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്‌രയുടെ ഹിമാചൽ പ്രദേശിലെ വീട് പൊളിക്കുമെന്ന് മഹിളാ മോർച്ചാ നേതാവ്. ഹിമാചൽ പ്രദേശിലെ മഹിളാ മോർച്ച അധ്യക്ഷ രശ്മി ധർ സൂദാണ് പ്രിയങ്കയ്ക്കെതിരേ ഭീഷണി മുഴക്കി വിവാദത്തിലായത്.

കങ്കണ ഹിമാചൽ പ്രദേശിന്‍റെ മകളാണെന്നും മുംബൈയിലെ അവരുടെ ഓഫിസ് പൊളിച്ചു നീക്കിയ ശിവസേനാ സർക്കാരിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രശ്മി ധർസൂദിന്‍റെ ഭീഷണി. ശിവസേനയുടെ നടപടിക്കെതിരേ മഹിളാ മോർച്ച ശക്തമായ പ്രക്ഷോഭം ആരംഭിക്കും. വേണ്ടിവന്നാൽ കോൺഗ്രസിനെതിരേയും ഞങ്ങൾ മുന്നിട്ടിറങ്ങും. കോൺഗ്രസിന്‍റെ മകൾ പ്രിയങ്ക സിംലയിൽ ഒരു വീട് നിർമിച്ചിട്ടുണ്ടല്ലോ. അതു ഞങ്ങൾ ഇടിച്ചുപൊളിക്കും. മഹിളാ മോർച്ചയാണ് പറയുന്നത്- സൂദ് പറഞ്ഞു.

അതേസമയം, ബാൽ താക്കറെയുടെ കാലത്തെ മൂല്യങ്ങളിൽ നിന്നു ശിവസേന പിന്നോട്ടുപോയെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കുർ പറഞ്ഞു. കോൺഗ്രസുമായി കൂട്ടുചേർന്നപ്പോഴേ ശിവസേനയുടെ മൂല്യങ്ങൾ നഷ്ടമായി. അതിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇപ്പോൾ എല്ലാ തരത്തിലും തരം താഴ്ന്നു- ഠാക്കുർ കുറ്റപ്പെടുത്തി.

Share via
Copy link
Powered by Social Snap