കടല്ക്കൊലക്കേസില് നീതി നടപ്പായില്ല:മുല്ലപ്പള്ളി

രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന എന്റിക്ക ലെക്‌സി കടല്‍ക്കൊലക്കേസില്‍ നീതി നടപ്പായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എട്ടുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് രാജ്യാന്തര ട്രൈബ്യൂണല്‍ ഇറ്റലിയോട് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. പ്രതികള്‍ക്കെതിരായ വിചാരണ നടപടിക്കുള്ള ഇന്ത്യയുടെ അധികാരം തന്നെ ഇല്ലാതാക്കുന്നതാണ് ഈ വിധി.ഇന്ത്യന്‍ പൗരന്‍മാരെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ പ്രതികള്‍ക്കെതിരായ ശിക്ഷ നഷ്ടപരിഹാരത്തില്‍ മാത്രം ഒതുങ്ങിയത് കേസ് നടത്തിപ്പിലെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവം കൊണ്ടുമാത്രമാണ്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപ്പെട്ടന്ന ഗുരുതര ആരോപണം ഉയര്‍ത്തിയിരുന്നു.എന്നാല്‍ പ്രധാനമന്ത്രി മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരും വിധി ഇപ്പോള്‍ ഉണ്ടായതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഈ കേസില്‍ സോണിയ ഗാന്ധിയുടെയും ഡോ.മന്‍മോഹന്‍ സിങിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരും രാജ്യാന്തരതലത്തിലെ കടുത്ത സമ്മര്‍ദങ്ങളെ മറികടന്ന് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ഈക്കേസില്‍ ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് വരുത്തി പ്രതികള്‍ക്ക് രാജ്യം വിടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. രാജ്യാന്തര ട്രൈബ്യൂണല്‍ വിധി ഒരുമാസം കഴിഞ്ഞ് പുറത്ത് വിട്ടതിലും ദുരൂഹതയുണ്ട്. വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കണമെന്ന വിധിയുടെ ലംഘനം കൂടിയാണ് ഈ നടപടി. ഈ വിധിക്കെതിരായ ജനരോഷത്തെ ഭയന്നാണ് രാജ്യാന്തര ട്രൈബ്യൂണല്‍ വിധി പുറത്തുവിടാന്‍ വൈകിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

You may have missed

Share via
Copy link
Powered by Social Snap