‘കടുവാക്കുന്നേല് കുറുവച്ചന്’; സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ മോഷന്പോസ്റ്റര്

സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായാണ് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന മാസ് കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സുരേഷ് ഗോപിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് പുറത്തെത്തിയിരിക്കുന്ന മോഷന്‍ പോസ്റ്റര്‍. ഒരു പള്ളിപ്പെരുന്നാളിന്‍റെ പശ്ചാത്തലത്തിലുള്ള സംഭാഷണത്തോടെയാണ് മോഷന്‍ പോസ്റ്റര്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പള്ളിപ്പെരുന്നാളിനിടയിലെ അനൗണ്‍സ്‍മെന്‍റിനൊപ്പമാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ അവതരണം. ‘കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്..!’ എന്നാണ് അനൗണ്‍സ്‍മെന്‍റ്. ഷിബിൻ ഫ്രാൻസിസിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ.

എന്നാല്‍ ഈ ചിത്രത്തിനു മുന്‍പ് സുരേഷ് ഗോപിയുടേതായി തീയേറ്ററുകളിലെത്തുക മറ്റൊരു സിനിമയാണ്. നിഖില്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ആണ് ഈ ചിത്രം. ഇതിലും മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്‍റെ ടീസര്‍ ഇന്ന് പുറത്തെത്തിയിരുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

Share via
Copy link
Powered by Social Snap