കണിയാപുരത്ത് മദ്യപാന സംഘം യുവാവിനെ മര്ദിച്ച സംഭവം; പൊലീസില് നിന്ന് നീതി ലഭിച്ചില്ലെന്ന് അനസ്

തിരുവനന്തപുരം: കണിയാപുരത്ത് മദ്യപസംഘം ക്രൂരമായി മര്‍ദിച്ച കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് മര്‍ദനമേറ്റ് അനസ്. പ്രതി ഫൈസലിനെ സംരക്ഷിക്കാന്‍ മംഗലപുരം പൊലീസ് വഴിവിട്ട് ഇടപെട്ടുവെന്നാണ് ആരോപണം. നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. 

വിഷയത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും താന്‍ പരാതി നല്‍കുമെന്നും അനസ്  പറഞ്ഞു. എന്ത് കാര്യത്തിനാണ് തന്നെ മര്‍ദിച്ചത് എന്നുപോലും അറിയില്ലെന്നാണ് അനസ് പറയുന്നത്. ഞായറാഴ്ച വൈകിട്ടാണ് നിരവധി കേസുകളില്‍ പ്രതിയായ കണിയാപുരം മസ്താന്‍ മുക്ക് സ്വദേശി ഫൈസലും സംഘവും അനസിനെ മര്‍ദ്ദിച്ചത്. അനസും സുഹുത്തും ഭക്ഷണം കഴിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ ഫൈസലും സംഘവും തടഞ്ഞ് നിര്‍ത്തിയെന്നാണ് അനസ് പറയുന്നത്. 

ബൈക്കിന്‍റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെയാണ് മര്‍ദ്ദനമെന്നാണ് പരാതി. എന്നാല്‍ മര്‍ദനമേറ്റ അനസിന്‍റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി പൊലീസ് വിട്ടയച്ചു. ക്രൂരമായി മര്‍ദിച്ചിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയില്ലെന്നാണ് ആക്ഷേപം. സിസിടിവി ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ മംഗലപുരം പൊലീസ് തയാറായില്ല.

കണിയാപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് എച്ച് അനസ്. മര്‍ദനമേറ്റ് നിലത്ത് വീണിട്ടും ചവിട്ടിയും മതിലിനോട് ചേര്‍ത്ത് വച്ച് ഇടിച്ചും പതിനഞ്ച് മിനിറ്റോളം ക്രൂരത തുടര്‍ന്നു. പരാതി നല്‍കിയിട്ടും ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും അനസ് പറയുന്നു.

Share via
Copy link
Powered by Social Snap