കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പച്ചക്കറിക്കാരിയുടെ മാല കവർന്നു

പാറശാല: ബൈക്കിലെത്തിയ സംഘം പച്ചക്കറി കച്ചവടം നടത്തുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ ശേഷം മാല പൊട്ടിച്ച് കടന്നു. ആറയൂർ എ.ജി ചർച്ചിന് സമീപത്തെ പുതുവൽപുത്തൻ വീട്ടിൽ ഇന്ദിരയുടെ (52) മാലയാണ് കവർന്നത്. വീടിന് സമീപത്തെ റോഡരികിൽ പച്ചക്കറി കച്ചവടം നടത്തുന്നതിനിടെ പച്ചക്കറി വാങ്ങാനെന്ന ഭാവത്തിൽ ബൈക്കിലെത്തിയ യുവാക്കളാണ് കവർച്ച നടത്തിയത്.

പോക്കറ്റിൽ നിന്നും പണം എടുക്കുന്ന ഭാവത്തിൽ മുളകുപൊടി എടുത്ത് ഇവരുടെ കണ്ണിൽ വിതറിയശേഷം കടന്നു കളയുകയായിരുന്നു. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാല സ്വർണ്ണം പൂശിയതായിരുന്നു.സംഭവ ശേഷം കടന്നു കളഞ്ഞ യുവാക്കളുടെ ചിത്രം അടുത്തുള്ള സഹകരണ ബാങ്കിന്റെ സി.സി ടിവി യിൽ പതിഞ്ഞിട്ടുണ്ട്.

യുവാക്കൾ മാസ്കും ഹെൽമറ്റും വച്ചിരുന്നതിനാൽ ആളെതിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കണ്ണിൽ മുളക് പൊടി വിതറിയതിനെ തുടർന്ന് ഇന്ദിരയുടെ നിലവിളികേട്ട് ഓടിക്കൂടിയവർ കണ്ണ് കഴുകുകയും ഐസ് ഉപയോഗിച്ച് തണുപ്പിക്കുകയും ചെയ്ത ശേഷം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.