കണ്ണൂരിൽ കെട്ടിടം കരാറുകാരൻ ജീവനൊടുക്കി: പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനെതിരെ കുടുംബം

കണ്ണൂർ: ചെറുപുഴയിൽ കെട്ടിടം കരാറുകാരൻ ജീവനൊടുക്കി. ചെറുപുഴ സ്വദേശി ജോയ് ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ മുകളിലാണ് ജോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോൺഗ്രസ് നേതൃത്വത്തിലുള്ള കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമിച്ച വകയിൽ 1.40 കോടിരൂപ ജോയിക്ക് ലഭിക്കാനുണ്ടെന്ന് ഭാര്യാ സഹോദരൻ.ഈ പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് ചില ചർച്ചകൾ നടന്നിരുന്നു.
ഇതിനുശേഷം ജോയിയെ കാണാതാവുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ജോയിയെ കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പണം ലഭിക്കാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും പൊലീസ് സ്ഥലത്ത് നിന്നും കണ്ടെത്തി.
കുറിപ്പിൽ മറ്റ് ചില കാര്യങ്ങൾ എഴുതിയിയിട്ടുണ്ടെങ്കിലും അക്കാര്യം വ്യക്തമായിട്ടില്ല. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടും ജോയിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നത്.