കണ്ണൂരിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കണ്ണൂർ തലശ്ശേരിയിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപിഴവ് കാരണമെന്ന് പരാതി. തലശേരിയിലെ ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് മരിച്ച മുഴപ്പിലങ്ങാട് സ്വദേശിനിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്‌നയെ ഈ മാസം പത്തിനാണ് തലശേരിയിലെ ജോസ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് ഷഫ്‌ന കുഞ്ഞിന് ജന്മം നൽകി. ഇതിന് പിന്നാലെ ഇരുവരുടെയും ആരോഗ്യനില വഷളായി. കണ്ണൂരിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

പ്രസവത്തിനിടയിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കുഞ്ഞിന്റെ തലയിൽ രക്തം കട്ടപിടിച്ചത് മറച്ചുവെച്ചെന്നും ശസ്ത്രക്രിയ നടത്തിയതിൽ അസ്വഭാവികതയുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതി.

കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി മുപ്പത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് നിർദേശിച്ചിരുന്നു. ചികിത്സിച്ച ഡോക്ടറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. അമിതമായ രക്തസ്രാവമുണ്ടായിരുന്നെന്നും ജോസ്ഗിരി ആശുപത്രി അധികൃതർ പറഞ്ഞു.

Share via
Copy link
Powered by Social Snap