കണ്ണൂര് ഏച്ചൂരില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു; അയല്വാസി അറസ്റ്റില്

കണ്ണൂര്‍ ഏച്ചൂരില്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി അറസ്റ്റിലായി. ജൂണ്‍ 22ന് പുലര്‍ച്ചെയായിരുന്നു ഏച്ചൂരിലെ കെ.ഷിനോജിനെ വീടിനടുത്തുളള വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അബദ്ധത്തില്‍ കാല്‍വഴുതി വെളളത്തില്‍ വീണതാണ് മരണകാരണമെന്ന് നാട്ടുകാരും വീട്ടുകാരും വിധിയെഴുതി.

എന്നാല്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിളളയുടെ നിഗമനങ്ങളാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. കഴുത്തില്‍ കാണപ്പെട്ട പാടും മരിച്ചയാളുടെ വയറ്റില്‍ നിന്നും വയലിലെ വെളളം കണ്ടെത്താതിരുന്നതും നിര്‍ണായക തെളിവുകളായി. അതുകൊണ്ട് തന്നെ കൊലപാതകത്തിനുളള സാധ്യത തളളിക്കളയാനാവില്ലെന്ന് ഗോപാലകൃഷ്ണപിളള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. പിന്നാലെ കണ്ണൂര്‍ ഡി.വൈ.എസ്.പി, പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ചക്കരക്കല്‍ സി.ഐ കെ.വി പ്രമോദിനായിരുന്നു അന്വേഷണ ചുമതല. തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപൂര്‍വമായ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഷിനോജിന്റെ അയല്‍വാസി കൂടിയായ മാവിലച്ചാല്‍ സ്വദേശി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സന്തോഷിന്റെ വീടിന് മുന്നിലായി പാതയോരത്ത് ഷിനോജും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു താത്ക്കാലിക ഷെഡ് കെട്ടിയിരുന്നു.ഇവിടെ കൂട്ടം കൂടിയുളള മദ്യപാനം പതിവായതോടെ സന്തോഷ് ഇതിനെ എതിര്‍ത്തു. പിന്നാലെ ഈ ഷെഡ് സന്തോഷ് പൊളിച്ച് നീക്കുകയും ചെയ്തു.

കൊല്ലപ്പെട്ട ഷിനോജ്

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഷിനോജും സുഹൃത്തുക്കളും ഷെഡ് പുനര്‍നിര്‍മ്മിച്ചു. മാത്രവുമല്ല അന്ന് ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും ചെയ്തത്രെ. മദ്യപാന സദസിന് ശേഷം തിരികെ പോയ ഷിനോജ് രാത്രിയോടെ വീണ്ടും ഷെഡിനടുത്തേക്ക് തിരികെയെത്തി. സന്തോഷ് വീണ്ടും ഷെഡ് പൊളിച്ച് നീക്കുമോ എന്നറിയാനായിരുന്നു ഈ തിരിച്ചുവരവ്. ഇവിടെ വെച്ച് സന്തോഷും ഷിനോജും തമ്മില്‍ കണ്ട് മുട്ടുകയും വാക്കേറ്റവും പിടിവലിയുമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ സന്തോഷ്, ഷിനോജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വയലില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി.പിറ്റേന്ന് മൃതദേഹം വയലില്‍ നിന്ന് എടുക്കാനും സംസ്കാര ചടങ്ങുകള്‍ക്കും ഇയാള്‍ മുമ്പന്തിയിലുണ്ടായിരുന്നു. എന്നാല്‍ പോലീസ് നടത്തിയ ചടുലമായ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതി പിടിലായത്.

Share via
Copy link
Powered by Social Snap