കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത്; ഒരു വർഷത്തിനിടെയുള്ള കേസുകളിൽ അർജുൻ ആയങ്കിയുടെ പങ്ക് അന്വേഷിച്ച് പോലീസ്

കണ്ണൂർ: കണ്ണൂർ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന സ്വർണ്ണക്കടത്ത് കേസുകളിൽ അർജുൻ ആയങ്കിയുടെതടക്കമുള്ളവരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിന് പങ്കുള്ളതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. കണ്ണൂർ എയർപോർട്ട് വഴിയും അല്ലാതെയുമുള്ള തട്ടിപ്പുകളും അന്വേഷണ പരിധിയിലുണ്ട്.

കണ്ണൂരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന സ്വർണ്ണക്കടത്ത് സംഭവങ്ങളിൽ അർജുൻ ആയങ്കിയടക്കമുള്ള ക്വട്ടേഷൻ സംഘങ്ങളുടെ പങ്കാണ് പോലീസ് അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്തിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന രാഷ്ട്രീയ നേതാക്കളുടെ ആരോപണവും പോലീസിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്നു. കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇയാൾ നേരത്തെയും സമാന കേസുകളിൽ ഇടപെട്ടതായാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണം നടത്താനുള്ള തീരുമാനം.

കരിപ്പൂർ കേസിൽ പേര് ഉയർന്നതിനു പിന്നാലെ അർജുൻ ആയങ്കി ഒളിവിലാണ്. അർജുൻ ഉപയോഗിച്ച കാറും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് കൂടാതെ കഴിഞ്ഞ വർഷം കൂത്തുപറമ്പിൽ ക്വാറന്റൈനിൽ ഇരുന്ന യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിലും കണ്ണൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന കോടികൾ വിലമതിക്കുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഭവങ്ങളിലും ക്വട്ടേഷൻ സംഘങ്ങൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം കേസുകളിൽ പരാതിക്കാർ ഇല്ല എന്നതാണ് അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Share via
Copy link
Powered by Social Snap