കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോ സ്വർണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 11 കിലോ 294 ഗ്രാം സ്വര്‍ണം പിടികൂടി. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി നാലുപേരില്‍നിന്നാണ് 4.15 കോടി രൂപയുടെ സ്വര്‍ണം ഡി.ആര്‍.ഐ. പിടികൂടിയത്. ദുബായ്, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ വിമാനയാത്രക്കാരില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. മൊകേരി മാക്കൂല്‍ പീടികയിലെ അംസീര്‍ ഒറ്റപ്പിലാക്കല്‍ (30), ബെംഗളൂരു അട്ടൂര്‍ ലേ ഔട്ടിലെ മുഹമ്മദ് ബഷീര്‍ ബോട്ടം (57), വയനാട് പൊഴുതന പാറക്കുന്നിലെ അര്‍ഷാദ് (25), കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലില്‍ അബ്ദുള്ള മൂഴിക്കുന്നത്ത് (33) എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കണ്ണൂരില്‍നിന്ന് ആദ്യമായാണ് ഇത്രയധികം സ്വര്‍ണം പിടിക്കുന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ദുബായില്‍നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ അംസീറില്‍നിന്ന് രണ്ടുകിലോ 916 ഗ്രാം സ്വര്‍ണം പിടിച്ചു. രാവിലെ ഒന്‍പതിന് ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരായ മുഹമ്മദ് ബഷീറില്‍നിന്ന് രണ്ടുകിലോ 566 ഗ്രാമും അര്‍ഷാദില്‍നിന്ന് രണ്ടുകിലോ 913 ഗ്രാമും പിടികൂടി. ഉച്ചയ്ക്ക് റിയാദില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരനായ അബ്ദുള്ളയില്‍നിന്ന് രണ്ടുകിലോ 899 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. പിടികൂടിയ ബിസ്‌കറ്റ് രൂപത്തിലുള്ള സ്വര്‍ണത്തിന് 4,15,39,332 രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അധികൃതര്‍ അറിയിച്ചു.ദുബായ്, റിയാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ യാത്രക്കാര്‍ മൈക്രോ വേവ് ഓവനിലും ഷാര്‍ജയില്‍നിന്നുള്ള യാത്രക്കാര്‍ ഫിഷ് കട്ടിങ് മെഷീനിനുള്ളിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്. ഇവരെ ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് എട്ടുമാസം തികയുമ്പോഴേക്കും ഡി.ആര്‍.ഐ.യും കസ്റ്റംസും ചേര്‍ന്ന് 47 കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap