കനത്ത മഴ മൂലം ജീവനക്കാര് എത്തിയില്ല; യാത്രക്കാരുമായി വിമാനം റണ്വേയില് കുടുങ്ങിയത് ഏഴ് മണിക്കൂര്

മുംബൈ: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ജീവനക്കാര്‍ എത്താത്തതു മൂലം നിറയെ യാത്രക്കാരുമായി ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ കുടുങ്ങിയത് ഏഴ് മണിക്കൂറോളം. മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെടേണ്ട 6ഇ-6097 വിമാനമാണ് മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ കുടുങ്ങിയത്. 

മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെട്ട് 5.30ന് ഡല്‍ഹിയില്‍ എത്തേണ്ട വിമാനം രാത്രി 9.55ന് ആണ് പുറപ്പെട്ടത്. വെള്ളവും ഭക്ഷണവും കിട്ടാതെ കുട്ടികളും പ്രായമായവരും അടക്കമുള്ളവര്‍ വിമാനത്തിനുള്ളില്‍ ഏറെ പ്രയാസപ്പെട്ടതായി ചൂണ്ടിക്കാട്ടി നിരവധി യാത്രക്കാരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.

മുംബൈയില്‍ അനുഭവപ്പെട്ട തുടര്‍ച്ചയായ മഴ മൂലം വെള്ളം ഉയര്‍ന്ന് പലയിടത്തും റോഡ് ഗതാഗതം താറുമാറായത് മൂലം ജീവനക്കാര്‍ക്ക്‌ സമയത്ത് എത്തിച്ചേരാന്‍ സാധിക്കാതിരുന്നതാണ് വിമാനം വൈകാന്‍ ഇടയാക്കിയതെന്ന് ഇന്‍ഡിഗോ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹിയിലേയ്ക്കുള്ള വിമാനം വൈകിയത് മൂലം തുടര്‍ന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിന് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മുംബൈയില്‍ പെയ്ത കനത്ത മഴ നഗരത്തിലെ തീവണ്ടി, റോഡ് ഗതാഗതത്തെയും വിമാനസര്‍വീസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 280 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നതെന്ന് മുംബൈ വിമാനത്താവള അധികൃതരും പ്രസ്താവനയില്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published.