കമ്മട്ടിപ്പാടം; ആ പേര് തിരഞ്ഞെടുത്തത് രാജീവ് രവി: പി. ബാലചന്ദ്രൻ

പെട്ടെന്ന് ചെന്നെത്തിയതല്ല ഈ സിനിമയിലേക്ക്. രാജീവ് രവി അന്നയും റസൂലും ചെയ്യുനന്തിനും മുന്‍പാണിത്. രാജീവ് രവിയ്ക്കൊപ്പമുള്ള വയനാട് യാത്രകയ്ക്കിടയിലെപ്പോഴോ  തുടങ്ങിയതാണ് ഈ ചിത്രം. അവിടെ എനിക്കും രാജീവിനും സുഹൃത്തുകളുണ്ട്. അങ്ങനെ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ രൂപപ്പെടുവാൻ തുടങ്ങിയതാണ് ഇതിന്റ വിഷയമൊക്കെ. ഞാൻ കൊല്ലത്തുള്ളയാളാണ്. രാജീവ് എറണാകുളംകാരനാണ്. രാജീവിന് അവിടം നന്നായി അറിയാം. സ്വയമറിഞ്ഞതുമുണ്ട് അയാൾ അച്ഛനിൽ നിന്ന് അറിഞ്ഞതുമുണ്ട്. ഈ വിഷയവും രാജീവിന്റെ അനുഭവവും പല പല സമയത്തുള്ള ഞങ്ങളുടെ ചർച്ചകളും ചേർന്ന് സിനിമയിലേക്കെത്തിയതാണ്. ഞാനെഴുതിയും രാജീവ് തിരുത്തിയും, നിരന്തരമായ പ്രകൃയകളിലൂടെയും ഉരുത്തിരിഞ്ഞു വന്നു. ഒരു ഘട്ടത്തിൽ ദുല്‍ഖർ എന്ന നടനിലേക്കുമെത്തി. ഈ വേളകളിൽ രാജീവ് വേറെയും സിനിമകൾ ചെയ്തു. 

കമ്മട്ടിപ്പാടം എറണാകുളത്തുള്ള ഒരു സ്ഥലമാണ്. എനിക്ക് അവിടം അറിയില്ല. ഈ പേര് തന്നെ രാജീവ് രവി തിരഞ്ഞെടുത്തതാണ്. ഇമ്പമുള്ള പേര്. (പുനഃപ്രസിദ്ധീകരിച്ചത്)

അതിജീവനത്തിന്റെ പോരാട്ടം

ബാല്യത്തിലെ കുടുംബത്തിനൊപ്പം നഗരത്തിലേക്ക് പറിച്ചു നടപ്പെടുന്ന ഒരു ബാല്യം.  നഗരത്തെ അമ്പരപ്പോടെ നോക്കിക്കാണുവാനേ അവന് സാധിക്കുകയുള്ളൂ. പുതിയ പുതിയ വികസനങ്ങളുമായി മുന്നോട്ട് പ്രയാണം നടത്തുന്ന ആ നഗരത്തിൽ വച്ച് അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജീവിതങ്ങള്‍, കൂട്ടുകെട്ടുകൾ, സാഹചര്യങ്ങൾ എല്ലാം ചേർന്ന് അവനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് കമ്മട്ടിപാടം പറയുന്നത്. ഒരു അതിജീവനത്തിന്റെ കഥ. 

പ്രമേയത്തേക്കാൾ പ്രേരണ എന്നു പറയാം…

എന്റെ സ്വതസിദ്ധമായ സങ്കല്‍പത്തിലൂടെ രൂപാന്തരപ്പെട്ട സിനിമയല്ലിത്. എന്റെയും രാജീവിന്റെയും ചര്‍ച്ചകൾക്കിടയിൽ വന്നതാണ്. ഒറ്റയടിക്ക് തിരക്കഥ പൂർത്തിയാക്കി പിന്നെ സിനിമയിലേക്ക് കടക്കുകയായിരുന്നില്ല. തിരക്കഥ ഒരു ഘട്ടത്തിൽ ആവശ്യമായി വന്നു. അത് ചെയ്തു. പക്ഷേ ഞാനുള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്ക്രിപ്റ്റിങ് നടന്നുകൊണ്ടിരുന്നു. ഈ ഒരു രീതി ഓരോ സംവിധായകരിലും വ്യത്യസ്തമാണ്. രാജീവ് രവി തിരക്കഥയ്ക്ക് അടിമയായ ഒരു സംവിധായകനല്ല. സ്ക്രിപ്റ്റിനകത്ത് ഒതുങ്ങിക്കൂടുന്നയാളല്ല, അതിന്റെ അനന്ത സാധ്യതകളിലേക്ക് പോകുന്നയാളിലാണ്. അങ്ങനെ പോകുവാനൊരു അടിത്തറയുണ്ടാക്കിക്കൊടുത്തു തിരക്കഥയെഴുത്തിലൂടെ. ചിലർക്ക് അവരെഴുതിക്കൊടുക്കുന്ന തിരക്കഥയിൽ സംവിധായകനൊരു മാറ്റവും കൊണ്ടുവരുന്നത് ഇഷ്ടമല്ല. പക്ഷേ ഞാൻ ചിന്തിക്കുന്നത് അങ്ങനെയല്ല. 

എന്റെ പ്രമേയം എന്ന വാക്കല്ല, ഞാനൊരു പ്രചോദനമാണ് രാജീവ് രവിക്ക് നൽകിയത്. സംവിധായകനാണ് സിനിമയുടെ എല്ലാം എന്നാണ് എന്റെ അഭിപ്രായം. സംവിധായകന്റെ കലയാണ് സിനിമ. അങ്ങനെ പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ പല ചർച്ചകൾക്കിടയിലും ഉരുത്തിരിഞ്ഞുവന്ന ആശയത്തെ വച്ച് ഞാനൊന്ന് എഴുതി. അതിൽ വലിയ കുതിപ്പ് നടത്തിയാണ് രാജീവ് രവിയെന്ന സംവിധായകൻ സിനിമയെ സമീപിച്ചത്. സംവിധായകനാണല്ലോ സിനിമയെ മൊത്തത്തിൽ കാണുന്നത്. ആ ഒരു കുതിപ്പ് സിനിമയുടെ അവസാന ഘട്ടത്തിൽ വരെ നടന്നിട്ടുണ്ട്. സംവിധായകന്റെ ഉള്ളിലാണ് എല്ലാമുള്ളത്. ഇവിടെ പ്രമേയവും ചലച്ചിത്രവും ഇഴപിരിക്കാനാകാത്ത വിധം ചേര്‍ന്നുപോയി. 

ദുല്‍ഖറിനെ കുറിച്ച്

സിനിമയിലെ ഓരോ കഥാപാത്രത്തിന്റെയും രൂപം,  എല്ലാത്തലത്തിലും, അന്തിമമായി സംവിധായകന്റെ തീരുമാനമാണ്. നമ്മളൊരു കൂട്ടം ശൈലി പറഞ്ഞുകൊടുക്കുന്നു, അതിനനുസരിച്ച് നീങ്ങുന്നു എന്നതല്ലല്ലോ അഭിനയം. അഭിനയത്തെ കുറിച്ചുള്ള എന്റെ ബോധം അതല്ല. അഭിനയമെന്നത് കഥാപാത്രത്തോടടുക്കുന്തോറും സ്വയം ഉരുത്തിരിയേണ്ടതാണ്. ‌‌പലവഴിക്ക് നമുക്ക് നീങ്ങാം. 

ആ സമീപനമാണ് ഇതിലെ കഥാപാത്രങ്ങൾക്കുള്ളത്. അഭിമുഖീകരിക്കുന്തോറും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ദുൽഖർ മാത്രമല്ല ഇതിലെ ഓരോ വേഷങ്ങളും അങ്ങനെ തന്നെയാണ്. ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന അഭിനയം വേണം. ദുൽഖറിൽ നിന്ന് ഞാനത് കണ്ടു. അര്‍പ്പണ ബോധം കണ്ടു. അയാളിലെ സാധ്യതകളും പരിമിതികളും സ്വയം അന്വേഷിച്ചുകൊണ്ടേയിരിക്കണം. നമ്മളിലേക്കെത്തുന്ന വേഷത്തിന്റെ ഉള്ളിലേക്കുള്ളിലേക്ക് പോകണം. അങ്ങനെയാണ് ഞാൻ കരുതുന്നത്. ആ ഒരു പ്രയത്നം ദുൽഖറിൽ കാണാൻ കഴിഞ്ഞു. 

മണ്ണിന്റെ മണമുള്ള വേഷങ്ങള്‍, വിനായകനും

സബ്ജക്ട് തീരുമാനിക്കുമ്പോഴേ ചിന്തിച്ച കുറേ കഥാപാത്രങ്ങളിലൊന്നാണ് വിനായകന്റേതും. കമ്മട്ടിപാടത്ത് വച്ച് കഥപറയുമ്പോൾ ആ മണ്ണിന്റെ ആത്മാവിനെ വിടാതെ ചെയ്യണമല്ലോ. ആ മണ്ണിനെ കാലത്തെ പ്രതിനിധാനം ചെയ്യുന്ന, പകർന്നാടുന്ന, മണ്ണിന്റെ മണമുള്ള, കറുപ്പിന്റെ തീജ്വാലകളാകുന്ന കഥാപാത്രങ്ങൾ വേണമെന്ന് തീരുമാനിച്ചിരുന്നു. മണ്ണിന്റെ ഉടയോൻ എന്ന് പറയാവുന്ന കുറേ കഥാപാത്രങ്ങള്‍. വിനായകന്റേതും അതാണ്. മണ്ണിൽ നിന്നെഴുന്നേറ്റു നില്‍ക്കുന്ന കഥാപാത്രം. അങ്ങനെ തോന്നും ഇവരെ കണ്ടാലും.  1970കൾ തൊട്ട് ഇങ്ങോട്ട് കിടക്കുന്ന കഥയാകയാൽ, ആ വേഷങ്ങള്‍ ചെയ്യാനുള്ള ശരീര പ്രകൃതി ഇവർ തന്നെ നേടിയെടുത്തു. വിനായകൻ മാത്രമല്ല, ഇതിലുള്ള കഥാപാത്രങ്ങൾ മിക്കവരും അങ്ങനെ തന്നെ. 

Share via
Copy link
Powered by Social Snap