കമ്യൂണിറ്റി കിച്ചനിലെ 37 ചാക്ക് അരി കടത്തി; 4 പഞ്ചായത്ത് അംഗങ്ങൾക്ക് എതിരെ കേസ്

സ്കൂളിൽ സൂക്ഷിച്ച മിച്ചം വന്ന അരി നെടുമങ്ങാട് കമ്യൂണിറ്റി കിച്ചനിൽ മിച്ചംവന്ന 37 ചാക്ക്‌ അരിയും അനുബന്ധ സാധനങ്ങളും കോൺഗ്രസ്‌ പഞ്ചായത്തംഗങ്ങൾ വീടുകളിലേക്ക്‌ കടത്തി. ആനാട് പഞ്ചായത്ത് ഭരണസമിതിയിലെ 4 കോൺഗ്രസ്‌ അംഗങ്ങളാണ്‌ അരി കടത്തിയത്‌. അംഗങ്ങൾക്കും സാധനം കടത്താൻ ഉപയോഗിച്ച വാഹനങ്ങളിലെ ഡ്രൈവർമാർക്കുമെതിരെ പൊലീസ് കേസെടുത്തു. ആനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിൽ സൂക്ഷിച്ചിരുന്ന അരിയും സാധനങ്ങളുമാണ് വ്യാഴാഴ്ച ഉച്ചയോടെ സ്കൂള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കടത്തിയത്. പഞ്ചായത്തംഗങ്ങളായ അക്ബര്‍ഷാ, വിജയരാജ്, പ്രഭ, സിന്ധു എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. അക്‌ബർഷായുടെ ഓമ്‌നി വാനിലും ഓട്ടോറിക്ഷകളിലുമായിരുന്നു‌ അരിക്കടത്ത്‌‌. ഇതിൽ രണ്ട്‌ ചാക്ക്‌ അരി വഴിയിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട്‌ കണ്ടെത്തി. സ്കൂളിലെ പമ്പുസെറ്റ് ഘടിപ്പിച്ചിരിക്കുന്ന മുറിയിലാണ് മിച്ചംവന്ന അരിയും സാധനങ്ങളും സൂക്ഷിച്ചിരുന്നത്. 58 ചാക്ക് അരിയും പയറുള്‍പ്പടെയുള്ള അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നു. വ്യാഴാഴ്ച അക്ബര്‍ഷായുടെ നേതൃത്വത്തില്‍ സ്കൂളിലെത്തി പമ്പു സെറ്റ് പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍നിന്ന്‌ അരിയും സാധനങ്ങളും കടത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രധാനാധ്യാപിക നാട്ടുകാരെയും പിടിഎ ഭാരവാഹികളെയും വിവരം അറിയിച്ചു. തുടർന്ന്‌ സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഓട്ടോറിക്ഷ തടയുകയും തുടര്‍ന്നുള്ള കടത്തല്‍ തടയുകയും ചെയ്തു. അപ്പോഴേക്കും 37 ചാക്ക്‌ അരി കടത്തിക്കഴിഞ്ഞിരുന്നു. സ്‌കൂളിൽ ഇനി 21 ചാക്ക്‌ അരി മാത്രമേ ഉള്ളൂ. മിച്ചംവന്ന സാധനങ്ങള്‍ സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന് കാട്ടി ഏതാനും ദിവസംമുമ്പ് പഞ്ചായത്തിന്‌ അപേക്ഷ നല്‍കിയിരുന്നു. ഇത് പഞ്ചായത്ത്‌ കോൺഗ്രസ്‌ ഭരണസമിതി പരിഗണിച്ചില്ല. അതിനിടെയാണ്‌‌ മോഷണം. വലിയമല സിഐയും നെടുമങ്ങാട് എസ്ഐയും സ്ഥലത്തെത്തി. അരി കടത്തിയ മെമ്പര്‍മാര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും എതിരെ കേസെടുത്തു. സ്‌കൂൾ അധികൃതരുടെ പരാതിയിലാണ്‌ കേസ്‌. പഞ്ചായത്തിലെ എൽഡിഎഫ്‌ അംഗങ്ങൾ മുഖ്യമന്ത്രിക്ക്‌ പരാതി അയച്ചു. സിപിഐ എം നേതൃത്വത്തില്‍ നാട്ടുകാര്‍ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു.

You may have missed

Share via
Copy link
Powered by Social Snap