കരസേനാ മേധാവി ജനറൽ എം.എം. നരവണെ ലഡാഖ് സന്ദർശിച്ചു

ന്യൂഡൽഹി: ചൈനയുമായി സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ കരസേനാ മേധാവി ജനറൽ എം.എം. നരവണെ ലഡാഖ് സന്ദർശിച്ചു. വെള്ളിയാഴ്ച ലഡാഖിലെത്തിയ അദ്ദേഹം ഉത്തരകമാൻഡ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ വൈ.കെ. ജോഷി, ലെ ആസ്ഥാനമായ 14ാം കോർപ്സ് കമാൻഡർ ലെഫ്. ജനറൽ ഹരീന്ദർ സിങ് തുടങ്ങി മുതിർന്ന ഓഫിസർമാരുമായി സംസാരിച്ചു.

ഇതേക്കുറിച്ച് സൈന്യം വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, നിലവിൽ ചൈനീസ് സേനയുമായി മുഖാമുഖം നിൽക്കുന്ന സൈന്യത്തെ ബലപ്പെടുത്താനും രണ്ടാം നിരയിൽ കൂടുതൽ സേനയെ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നു റിപ്പോർട്ട്. അതേസമയം, സംഘർഷം ലഘൂകരിക്കാൻ ചൈനയുമായി സൈനിക- നയതന്ത്രതലങ്ങളിൽ ചർച്ച തുടരുകയാണ്.

പതിവുള്ള ബ്രിഗേഡിയർ തല യോഗങ്ങൾ വരും ദിവസങ്ങളിലും തുടരും. യഥാർഥ നിയന്ത്രണ രേഖയ്ക്കടുത്ത് ഗാൽവൻ നദീ തീരത്ത ഇന്ത്യയുടെ റോഡ് നിർമാണത്തിനെതിരേയാണു ചൈനയുടെ പടയൊരുക്കം. പാംഗോങ് ത്സോ തടാകത്തിന് 200 കിലോമീറ്റർ വടക്ക് ഷ്യോക്ക്, ഗാൽവൻ നദികൾ ചേരുന്ന ഇടമാണു നിലവിലെ സംഘർഷഭൂമി.

തങ്ങളുടെ ഭാഗത്തെ ബൈജിങ്, ലുജിൻ ദുവാൻ സെക്‌ഷനിൽ ഇന്ത്യ അതിക്രമിച്ചു കയറിയെന്നാണു ചൈനയുടെ വാദം. സിക്കിം അതിർത്തിയിൽ പട്രോളിങ്ങിനിടെ  അതിക്രമിച്ചു കയറിയ ചൈനീസ് സൈനികരെ ഇന്ത്യൻ സേന ബലപ്രയോഗത്തിലൂടെ മടക്കിയയച്ചതിനു പിന്നാലെ നേപ്പാളിനെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരേ ചൈന പോർമുഖം തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് ലഡാഖിലും അതിക്രമം.