കരിന്തണ്ടന് പാട്ടുകള് എഴുതി തരാമെന്നേറ്റ് പോയതാണ് സംവിധായിക ലീല

നാടന്‍പാട്ട് രചയിതാവ് ജിതേഷ് കക്കിടപ്പുറത്തിന്റെ വിയോഗം തീരാനഷ്ടമെന്ന് മലയാളത്തിലെ ആദ്യ ട്രൈബല്‍ സംവിധായിക ലീല സന്തോഷ്. താന്‍ ഒരുക്കുന്ന ചിത്രം കരിന്തണ്ടന് പാട്ടുകള്‍ എഴുതി തരാമെന്ന് പറഞ്ഞ് പോയതാണ് എന്നും ലീല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”കരിന്തണ്ടന് വേണ്ടി പാട്ടുകള്‍ എഴുതി തരാമെന്നേറ്റ് പോയതാണ്. കരിന്തണ്ടന്റെയും ,നമ്മുടെ ഓരോരുത്തരുടെയും തീരാനഷ്ടമാണ് ജിതേ ഷേട്ടന്‍. ജിതേഷേട്ടന് വേദനകളോടെ ആദരാജ്ഞലികള്‍ നേരുന്നു” എന്നാണ് ലീലയുടെ വാക്കുകള്‍.

കൈതോല, നാടറിയാന്‍, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ തുടങ്ങി 600 ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. കൈതോല, പാലം നല്ല നടപ്പാലം തുടങ്ങിയ ഗാനങ്ങള്‍ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൈതോല എന്ന ഗാനത്തിന്റെ സ്രഷ്ടാവ് ജിതേഷ് ആണെന്ന കാര്യം ആരാധകര്‍ തിരിച്ചറിഞ്ഞത്.

ഇന്ന് പുലര്‍ച്ചെയാണ് ജിതേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Share via
Copy link
Powered by Social Snap