കരിപ്പൂരിലുണ്ടായത് മംഗലാപുരം വിമാനദുരന്തത്തിന് സമാനമായ അപകടം? തലനാരിഴയ്ക്ക് ഒഴിവായത് മഹാദുരന്തം

കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി, യാത്രക്കാര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ക്രാഷ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം മൂക്കുകുത്തു വീഴുകയായിരുന്നു. മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് ഗുരുതര പരിക്കുകളേറ്റത്. വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നതാണ് ആശ്വാസം .

കരിപ്പൂരില്‍ വലിയൊരു വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിഞ്ഞുമാറുമ്പോള്‍ ഓര്‍ക്കേണ്ടത് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മംഗലാപുരം ദുരന്തത്തെ കൂടിയാണ്. 

ജീവനക്കാരടക്കം 166 പേരുമായി 2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്തേക്ക് എത്തിയ വിമാനമാണ് ലാന്‍ഡിങിന് തൊട്ടുമുന്‍പ് തീപ്പിടിച്ച് അപകടത്തില്‍പ്പെട്ടത്. എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം മംഗലാപുരം ബജ്പെ വിമാനത്താവളത്തില്‍ രാവിലെ ആറരയോടെ ലാന്‍ഡിങ്ങിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.

വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മണല്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. പിന്നേയും മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം കത്തിയമര്‍ന്നു. 

എട്ട് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒന്നിച്ച് സംസ്‌കരിക്കുകയായിരുന്നു.

കരിപ്പൂരിലുണ്ടായത് ക്രാഷ് ലാന്‍ഡിങ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗലാപുരും ദുരന്തത്തിന് സമാനമായ രീതിയില്‍ തീപ്പിടുത്തമുണ്ടാവാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. 

Share via
Copy link
Powered by Social Snap