കറന്റ് ബില് ഒരു ലക്ഷം രൂപ, കണ്ണ് തള്ളി നടി കാര്ത്തിക നായര്

കേരളത്തില്‍ അടുത്തിടെ വൈദ്യുതി ബില്ലിനെ കുറിച്ച് വ്യാപകമായ പരാതിയുണ്ടായിരുന്നു. പരാതികള്‍ പരിഹരിക്കാൻ അധികൃതര്‍ രംഗത്ത് എത്തുകയും ചെയ്‍തു. വൈദ്യുതി ബില്‍ അധികമായത് വിവാദവുമായിരുന്നു. വൈദ്യുതി ബില്‍ അധികമായി വരുന്നത് സംബന്ധിച്ച് മഹാരാഷ്‍ട്രയില്‍ പരാതികള്‍ വരുകയാണ്. വലിയ തോതില്‍ ആണ് കറന്റ് ചാര്‍ജ് വര്‍ദ്ധിക്കുന്നത്. ഒരു ലക്ഷത്തോളം രൂപ കറന്റ് ചാര്‍ജായി വന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് നടി കാര്‍ത്തിക നായര്‍.

മുംബൈയിലെ വീട്ടിലേക്ക് അദാനി ഇലക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് കറന്റ് ചാര്‍ജ് അധികമായി രേഖപ്പെടുത്തിയിരിക്കുന്നത്. മുംബയിലെ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ വൈദ്യുതി ബില്‍ ഒരു ലക്ഷം രൂപയ്‍ക്ക് അടുത്ത്. അതും അവരുടെ കണക്കില്‍. മീറ്റര്‍ റീഡിംഗ് പോലും നോക്കിയിട്ടില്ല എന്നും കാര്‍ത്തിക നായര്‍ പറയുന്നു. ഇത് ഭക്ഷണം കഴിച്ച ഹോട്ടല്‍ ബില്‍ ആണെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നും കാര്‍ത്തിക നായര്‍ പറയുന്നു. അതേസമയം അക്കൗണ്ട് നമ്പറും കോണ്‍ടാക്റ്റ് വിവരങ്ങളും കൈമാറാനും ഇത്രയും അധികം കറന്റ് ചാര്‍ജ് വന്നത് പരിശോധിക്കാമെന്നും അദാനി ഇലക്ട്രിസിറ്റി സാമൂഹ്യ മാധ്യമത്തിലൂടെ തന്നെ കാര്‍ത്തിക നായര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ജൂണ്‍ മാസത്തെ കറന്റ് ബില്‍ അധികമാണ് എന്ന് വ്യക്തമാക്കി നടി തപ്‍സിയും  പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ജൂണില്‍ 36000 രൂപയാണ് തനിക്ക് ബില്ലില്‍ വന്നത് എന്ന് തപ്‍സി പറഞ്ഞിരുന്നു. ആരും താമസിക്കാത്ത സ്ഥലത്താണ് അത്രയും ബില്‍ വന്നത് എന്നും തപ്‍സി പറഞ്ഞിരുന്നു.