കല്യാണത്തിന് ആഘോഷമായി വെടിവെപ്പ് ; വരന്റെ സഹോദരൻ കൊല്ലപ്പെട്ടു


പട്ന : ബീഹാറിൽ കല്യാണാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിവെപ്പിൽ വരന്റെ സഹോദരൻ കൊല്ലപ്പെട്ടു. ബിഹാറിലെ ബെഗുസരായിലാണ് സംഭവം. വധുവിന്റെ ബന്ധുക്കൾ ചടങ്ങിനിടെ തോക്കുകളെടുത്ത് വിവാഹം ആഘോഷിക്കാൻ നിറയൊഴിക്കുകയായിരുന്നു. ഫൂൽതോറ സ്വദേശി മൊഹമ്മദ് സദ്ദാം ആണ് കൊല്ലപ്പെട്ടത്.

വരനേയും കൊണ്ടുള്ള സംഘം ആഘോഷമായി വധുവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. വിവാഹത്തിനു ശേഷം ആഘോഷ ചടങ്ങുകൾ പൊടിപൊടിക്കുന്നതിനിടെ വധുവിന്റെ ബന്ധുക്കൾ തോക്കെടുത്ത് നിറയൊഴിച്ച് ആഘോഷിക്കുകയായിരുന്നു. വെടിയേറ്റ മൊഹമ്മദ് സദ്ദാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.2019 ൽ ഇത് ആറാമത്തെ സംഭവമാണ്. ജൂലൈയിൽ ആഘോഷ വെടിവെപ്പിനിടെ വരൻ തന്നെ കൊല്ലപ്പെട്ട സംഭവവും നടന്നിരുന്നു. നാടൻ തോക്കുപയോഗിച്ചുള്ള വെടിവെപ്പും ആഘോഷങ്ങളും വിവാഹങ്ങളിൽ വ്യാപകമായതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യമുയർത്തുന്നുണ്ട്.