കളിക്കാത്ത’ എൻഗിഡിക്ക് അഭിനന്ദനം; കളിച്ച ഡുപ്ലേസിയെ തഴഞ്ഞ് ദക്ഷിണാഫ്രിക്ക!

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ ദക്ഷിണാഫ്രിക്കൻ താരങ്ങളെ അഭിനന്ദിക്കുന്നതിലും പക്ഷപാതം കാട്ടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ മൂന്നു മത്സരങ്ങളിൽ മാത്രം കളിച്ച ലുങ്കി എൻഗിഡിയെ അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ദക്ഷിണാഫ്രിക്കൻ ബോർഡ്, ഫൈനലിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ മുൻ ക്യാപ്റ്റൻ കൂടിയായ ഫാഫ് ഡുപ്ലേസിക്കെതിരെ ‘കണ്ണടച്ചു’. രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയതോടെ അവർ പോസ്റ്റ് ‘മുക്കി’!

പിന്നീട് ഐപിഎൽ കിരീടം ചൂടിയ ചെന്നൈ ടീമിലെ എല്ലാ ദക്ഷിണാഫ്രിക്കക്കാരേയും അഭിനന്ദിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ട്വീറ്റ് ചെയ്തു. ‘2021 ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ച് വിജയം നേടിയ എല്ലാ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കും അഭിനന്ദനം. മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഫാഫ് ഡുപ്ലേസിയുടെ പ്രകടനം എടുത്തുപറയണം’ – ട്വീറ്റിൽ കുറിച്ചു.

നേരത്തെ, ‘ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐപിഎൽ 2021 കിരീടം ചൂടിയ ലുങ്കി എൻഗിഡിക്ക് അഭിനന്ദനം’ എന്ന ലഘു കുറിപ്പു സഹിതമാണ് ദക്ഷിണാഫ്രിക്കൻ ബോർഡ് അഭിനന്ദന സന്ദേശമിട്ടത്. എന്നാൽ, ഡുപ്ലേസിക്കു പുറമെ ചെന്നൈ ടീമിൽ അംഗമായ ഇമ്രാൻ താഹിറിനെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നില്ല. ട്വന്റി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് ഫാഫ് ഡുപ്ലേസിയേയും ഇമ്രാൻ താഹിറിനെയും തഴഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരും ലോകകപ്പ് കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടും ഒഴിവാക്കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനു പിന്നാലെയാണ് ഇത്തരമൊരു വിവാദം ഉയരുന്നത്.

സംഭവത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെ വിമർശിച്ച് ആദ്യം ഡുപ്ലേസിയും പിന്നാലെ മുൻ താരം ഡെയ്ൽ സ്റ്റെയ്ൻ രംഗത്തെത്തി. ലുങ്കി എൻഗിഡിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിനു താഴെ ‘ശരിക്കും’ എന്നു കുറിച്ചാണ് ഡുപ്ലേസി അതൃപ്തി അറിയിച്ചത്. പിന്നാലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരെ വിമർശിച്ച് സ്റ്റെയ്നും രംഗത്തെത്തി.

‘ആരാണ് ഈ അക്കൗണ്ടിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്? ഫാഫ് ഡുപ്ലേസി ഇതുവരെ വിരമിച്ചിട്ടില്ല. ഇമ്രാൻ താഹിറും വിരമിച്ചിട്ടില്ല. വർഷങ്ങളോളം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ സേവിച്ച ഇവരെക്കുറിച്ച് പരാമർശമില്ലേ? തീർത്തും നിരാശാജനകം’ – സ്റ്റെയ്ൻ കുറിച്ചു.

ഈ കമന്റുകൊണ്ടും കലിപ്പടങ്ങാതെ സ്റ്റെയ്ൻ കടുത്ത വിമർശനവുമായി ട്വീറ്റും ചെയ്തു: ‘ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അവരെ തന്നെ കുഴിയിൽ ചാടിക്കുകയാണ്. ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്ക് ഉടനടി ഉപദേശം ആവശ്യമുണ്ട്’ – സ്റ്റെയ്ൻ കുറിച്ചു.

പിന്നാലെ മറ്റൊരു ട്വീറ്റു കൂടി പ്രത്യക്ഷപ്പെട്ടു: ‘ഇപ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് കമന്റ് സെക്ഷൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഒന്നു രണ്ട് ഉപദേശങ്ങൾ തരാം: ശരിയായ കാര്യങ്ങൾ മാത്രം ചെയ്യുക. ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ചെന്നൈ ടീമിന്റെ ഭാഗമായ താരങ്ങളെക്കുറിച്ച് പ്രതിപാദിച്ച് പുതിയ പോസ്റ്റിടുക. അങ്ങനെ നാണക്കേടിൽനിന്നും രക്ഷപ്പെടുക’ – സ്റ്റെയ്ൻ ട്വിറ്ററിൽ കുറിച്ചു.

Share via
Copy link
Powered by Social Snap