കഴക്കൂട്ടത്ത് സംഘർഷം തുടരുന്നു; പൊലീസിനെതിരെ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ കഴക്കൂട്ടം മണ്ഡലത്തിലുൾപ്പെടുന്ന കാട്ടായിക്കോണത്ത് ബിജെപി–സിപിഎം സംഘർഷം തുടരുന്നു. രാവിലെ ബിജെപി പ്രവർത്തകർക്കു മർദനമേറ്റശേഷം കാറിലെത്തിയ ബിജെപി പ്രവർത്തകർ സിപിഎം പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. അജിത് കുമാറിനാണ് മർദനമേറ്റത്. ബിജെപി പ്രവർത്തകർ കാറിൽ രക്ഷപ്പെട്ടതായി സിപിഎം നേതൃത്വം പറഞ്ഞു. 

രാവിലെ നടന്ന അക്രമ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെ കൈകാര്യം ചെയ്യുന്നതിനു പകരം പൊലീസ് നാട്ടുകാരെ കൈകാര്യം ചെയ്തതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്ര നിരീക്ഷകർ വന്നതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. ബിജെപിയെ സന്തോഷിപ്പിക്കാനോ കേന്ദ്ര നിരീക്ഷകരെ സന്തോഷിപ്പിക്കാനോ ചെയ്ത അന്യായമായ ആക്രമണമാണ് പൊലീസിന്‍റേത്. 

പൊലീസ് ന്യായരഹിതമായി പെരുമാറി. അന്യായമായ ആക്രമണം അന്വേഷിക്കണമെന്നു മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കാട്ടായിക്കോണത്ത് രാവിലെ നടന്ന സിപിഎം–ബിജെപി സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ അഞ്ചോളം ബിജെപി പ്രവർത്തകർക്കു പരുക്കേറ്റിരുന്നു. വിദ്യാർഥിയായ അനാമിക, കണ്ണൻ, അനാമികയുടെ അമ്മ ജ്യോതി, വിജയകുമാരൻ നായർ, അഞ്ജലി എന്നിവർക്കാണ് പരുക്കേറ്റത്.

Share via
Copy link
Powered by Social Snap