കശ്മീരില് മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന് ആവര്ത്തിച്ച് ഡൊണാള്ഡ് ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ഇത് മതപരമായ വിഷയം കൂടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്‍.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചത്. എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ചെയ്യും, എനിക്ക് മധ്യസ്ഥത വഹിക്കാനാകും, മതപരമായി ഇതിന് വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്ലീംങ്ങളും. പതിറ്റാണ്ടുകളായി അങ്ങനെയാണ് നീങ്ങുന്നത്- ട്രംപ് പറഞ്ഞുകഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യക്കെതിരേ പ്രകോപനമായി സംസാരിക്കരുതെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കശ്മീര്‍  ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെയാണ് കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസവും സമാന പ്രസ്താവനയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

.

Leave a Reply

Your email address will not be published.