കസ്റ്റഡിയിൽ 8 മണിക്കൂർ പിന്നിട്ട് ശിവശങ്കര്; മുഖ്യമന്ത്രിയുടെ രാജി വേണമെന്ന് പ്രതിപക്ഷം, പ്രതിഷേധം ശക്തം

കൊച്ചി: തിരുവനന്തപുരത്ത് നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ രാവിലെ പതിനൊന്ന് മണിയോടെ എം.ശിവശങ്കറെ കസ്റ്റഡിയിലെടുത്തുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷപാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. കൊച്ചിയിലെ ഇഡി ഓഫീസിൽ ശിവശങ്കറെ എത്തിച്ചപ്പോൾ കനത്ത പൊലീസ് സുരക്ഷയ്ക്ക് ഇടയിലും മതിൽ ചാടി കടന്ന് യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകർ പ്രതിഷേധിച്ചു.

ശിവശങ്കറെ കസ്റ്റഡിയിലെടുത്തതിന് തൊട്ടു പിന്നാലെ തന്നെ കൊച്ചിയിലെ ഇഡി ഓഫീസിന് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഉദ്യോ​ഗസ്ഥ‍ർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണ‍ർക്ക് കത്ത് നൽകിയിരുന്നു. സെൻട്രൽ സിഐ വിജയശങ്കറിൻ്റെ നേതൃത്വത്തിൽ പൊലീസ് ഇഡി ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചു. ഇഡി ഓഫീസിന് ഇരുന്നൂ‍ർ മീറ്റർ പരിധി പൂ‍ർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു. 

എന്നാൽ ഉച്ചയ്ക്ക് 3.20-ഓടെ ശിവശങ്കറെ ഇവിടെ എത്തിച്ചതിന് പിന്നാലെ ഇഡി ഓഫീസിൻ്റെ പിന്നിലെ മതിൽ ചാടി കടന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകർ എംജി റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു.

യുവമോ‍ർച്ച പ്രവർത്തകരും ഇഡി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തി. ഇവരെയും പൊലീസ് തടഞ്ഞു. ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ്, യുവമോ‍ർച്ച, വനിതാ കോൺ​ഗ്രസ് തുടങ്ങിയ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെകോലവും കത്തിച്ചു. കോഴിക്കോട് ന​ഗരത്തിലും യൂത്ത് കോൺ​ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. 

Share via
Copy link
Powered by Social Snap