കാട്ടാന വീട് തകര്ത്തു

കല്പ്പറ്റ: തിരുനെല്ലി പഞ്ചായത്തില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാകുന്നു. തോല്‍പ്പെട്ടി അരണപ്പാറയില്‍ കാട്ടാന വീട് തകര്‍ത്തതോടെ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. അരണപ്പാറ സ്വദേശിനി ചോലയില്‍ ആയിഷയുടെ വീടാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ആന തകര്‍ത്തത്.  വീടിന്റെ മുന്‍ ഭാഗവും മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. ആളപായമില്ല. പ്രദേശത്തെ കൃഷിയിടങ്ങളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്.

രാവിലെ പത്തു മണിയോടെ സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തിരുനെല്ലി മേഖലയില്‍ ഒരിടവേളക്ക് ശേഷമാണ് വന്യമൃഗങ്ങളുടെ ശല്യമേറുന്നത്. ആനകള്‍ പലപ്പോഴും കൂട്ടത്തോടെയാണ് ജനവാസ പ്രദേശങ്ങളിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം കാട്ടാനയുടെ ആക്രമണത്തില്‍ ക്ഷീര കര്‍ഷകന് ജീവന്‍ നഷ്ടമായിരുന്നു. പുലര്‍ച്ചെ പാല്‍ സൊസൈറ്റിയില്‍ നിന്നും മടങ്ങുന്നതിനിടെ റോഡില്‍ നിലയുറപ്പിച്ച ആന ആക്രമിക്കുകയായിരുന്നു. ഈ മേഖലയില്‍ രാത്രി യാത്ര ഏറെ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു.