കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കുക: നീതി തേടി കിഫ ഹൈക്കോടതിയിലേക്ക്

  •  

വർധിച്ചുവരുന്ന കാട്ടുപന്നി ആക്രമണങ്ങളും കർഷകരുടെ ജീവഹാനിയും മുൻനിർത്തി കർഷക സംഘടന കിഫ ഹൈക്കോടതിയിലേക്ക്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് നീതി തേടി ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഹൈക്കോടതിയെ സമീപിക്കുന്നത്. കരമടച്ചു കൃഷിചെയ്യുന്ന റെവന്യൂ ഭൂമിയിൽ ഇനിയൊരു മനുഷ്യജീവൻ കൂടെ വന്യമൃഗ ആക്രമണത്തിൽ പൊലിയുന്നത് വരെ കാത്തിരിക്കാൻ നേരമില്ലെന്ന് കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ പറയുന്നു. കൃഷിഭൂമിയിൽ ഇറങ്ങുകയും, മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന വന്യമൃഗങ്ങളെ പ്രത്യേകിച്ച് അനിയന്ത്രിതമായി പെറ്റുപെരുകിയിരിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. രാഷ്ട്രീയക്കാരുടെ വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് ഇനിയും കാത്തിരുന്നു കർഷകജീവിതങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നത് നോക്കിയിരിക്കാൻ സാധിക്കില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിലേക്ക് കൊടുത്ത കത്തിൽ വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ കത്ത് വയ്ക്കണം എന്നുപോലും അറിയാത്ത വനംവകുപ്പും മന്ത്രിയും നീതി നടപ്പാക്കിത്തരും എന്ന് ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്നും അലക്സ് ഒഴുകയിൽ പറയുന്നു. കിഫയുടെ ലീഗൽ നിയമവിഭാഗത്തിന്റെ ഭാഗമായ അഡ്വ. അലക്സ് സ്കറിയ, അഡ്വ. ജോണി കെ ജോർജ്, അഡ്വ. ജോസ് ജെ ചെരുവിൽ, അഡ്വ. ജോസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് കിഫയെ പ്രതിനിധീകരിച്ചു കർഷകർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക.

Share via
Copy link
Powered by Social Snap