കാത്തിരിപ്പിന് വിരാമം: കെജിഎഫ് 2 ടീസറെത്തുന്നു

യാഷ് നായകനായി എത്തിയ കെജിഎഫിന്‍റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി എട്ടാം തീയതി രാവിലെ പത്ത് പതിനെട്ടിനാണ് ടീസർ റിലീസ് ചെയ്യുക. ചിത്രത്തിലെ നായകൻ യാഷിന്‍റെ പിറന്നാൾ ദിനമാണ് ജനുവരി എട്ട്. കഴിഞ്ഞ വർഷം ഡിസംബർ 21-നാണ് കെജിഎഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്.

‘ഉഗ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രീനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായ വിവരം സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.

ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിച്ച സ്റ്റണ്ട് രംഗങ്ങളാണ് പൂർത്തിയായത്. സഞ്‌ജയ്‌ ദത്ത് ആണ് വില്ലനായി എത്തുന്നത്. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. കന്നഡയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് വരുന്നത്. ഏകദേശം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച സിനിമ രണ്ടു ഭാഗങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Share via
Copy link
Powered by Social Snap