കാർഷിക നിയമങ്ങൾക്ക് ഒരവസരം നൽകൂ: കർഷകരോടു മോദി

ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോഴും കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശകങ്ങളായി രാജ്യത്തു മുടങ്ങിക്കിടന്ന കാർഷിക പരിഷ്കാരങ്ങളാണു കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി. രാഷ്ട്രീയം കളിച്ചാണ് കർഷകർക്കു നേട്ടമാവേണ്ട പരിഷ്കാരങ്ങൾ മുടക്കിയതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി അദ്ദേഹം.

പുതുതായി പാർലമെന്‍റ് പാസാക്കിയ കാർഷിക നിയമങ്ങൾക്ക് ഒരവസരം നൽകണം. താങ്ങുവില ഇവിടെയുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. താങ്ങുവില പോലെ പൊതുവിതരണ സംവിധാനങ്ങളും തുടരും. ബില്ലുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനോടു തുറന്ന സമീപനമാണു സർക്കാരിന്- കർഷകരോടു മോദി അഭ്യർഥിച്ചു.  

 കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്ക് ഒരു കഴമ്പുമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയാറാണ്. ഡൽഹി അതിർത്തിയിൽ സമരത്തിലുള്ള കർഷകർ വീടുകളിലേക്കു മടങ്ങിപ്പോവണം- പ്രധാനമന്ത്രി അഭ്യർഥിച്ചു. ചെറുകിട കർഷകർക്കു വേണ്ടിയാണു തന്‍റെ സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

 ഈ സർക്കാർ ചെറുകിട കർഷകർക്കു വേണ്ടി നിലകൊള്ളുന്നതാണ്. 2014ൽ അധികാരമേറ്റതു മുതൽ തന്‍റെ സർക്കാർ കാർഷിക മേഖലയ്ക്കു വേണ്ടി നിരവധി പരിഷ്കാരങ്ങൾ തുടങ്ങിവച്ചിട്ടുണ്ട്. കർഷകരെ ശക്തിപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് ചെറുകിട കർഷകർക്കു ഗുണം ചെയ്യില്ല. കാരണം അവർക്ക് ബാങ്ക് അക്കൗണ്ടുകളോ ബാങ്കുകളിൽ നിന്നുള്ള വായ്പകളോ ഇല്ല- മോദി ചൂണ്ടിക്കാട്ടി. റെക്കോഡ് ഉത്പാദനമുണ്ടായിട്ടും കാർഷിക മേഖലയിൽ നിരവധി പ്രശ്നങ്ങളാണ്. പരിഹാരം ‍ഒന്നിച്ചു നിന്നു കാണേണ്ടതാണ്.

 കർഷകർക്കു സ്വതന്ത്രമായി ഉത്പന്നങ്ങൾ വിൽക്കാനുള്ള തടസങ്ങൾ നീക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ മുൻപു പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയും എൻസിപി നേതാവ് മുൻ കൃഷി മന്ത്രി ശരദ് പവാറും കാർഷിക പരിഷ്കരണത്തിന് നേരത്തേ അനുകൂലമായിരുന്നു. ഇപ്പോൾ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നതിനു വേണ്ടി നിലപാടു മാറ്റുകയാണ്. 

കിസാൻ സമ്മാൻ നിധി പ്രകാരം കർഷകരുടെ അക്കൗണ്ടുകളിലേക്ക് 1.15 ലക്ഷം കോടി രൂപ നിക്ഷേപിച്ചുവെന്ന് മോദി പറഞ്ഞു. വിള ഇൻഷ്വറൻസ് പദ്ധതിയിൽ 90,000 കോടി രൂപ നൽകി. കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിലും വലിയ തുകയാണിത്. ഒരു ഹെക്റ്ററിൽ താഴെ കൃഷിഭൂമിയുള്ള കർഷകർ 51 ശതമാനത്തിൽ നിന്ന് 68 ശതമാനമായിട്ടുണ്ട്. 12 കോടി ചെറുകിട കർഷകർ രാജ്യത്തുണ്ട്. ഇവർക്കു ഗുണകരമായ പരിഷ്കാരങ്ങൾ തുടർന്നേ മതിയാവൂ- മോദി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയെ ഇന്ത്യ പൊരുതി നേരിട്ടുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇതു ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം. മഹാമാരിയെ നേരിടുന്നതിലുള്ള ഇന്ത്യയുടെ കാര്യശേഷി ലോകം അംഗീകരിച്ചുകഴിഞ്ഞു. കൊവിഡ് കാലത്ത് ലോകത്തിന്‍റെ ഫാർമസിയായി ഇന്ത്യ മാറി. നിയന്ത്രണ രേഖയ്ക്ക് അപ്പുറം ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കുകൾ ലോകത്തിന് ഇന്ത്യയുടെ ശക്തി കാണിച്ചുകൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ മോദി വിമർശിച്ചു. പ്രസംഗം കേൾക്കാതെയാണ് പ്രതിപക്ഷം അതിനെ വിമർശിക്കുന്നത്. എന്തായാലും പ്രസംഗത്തിന്‍റെ കരുത്താണ് ഇതു കാണിക്കുന്നതെന്നും മോദി. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ടിഎംസി അംഗങ്ങൾ വോക്കൗട്ട് നടത്തി.

Share via
Copy link
Powered by Social Snap