കുടിവെള്ളം മുട്ടിച്ച് കള്ളന്മാര്’; ഇൻഫോ പാർക്കിന് സമീപം മൂന്ന് വീടുകളിൽ മോഷണം

ആലപ്പുഴ: പൂച്ചാക്കല്‍ പള്ളിപ്പുറത്ത് ഇൻഫോ പാർക്കിനുസമീപം മൂന്ന് വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് മോഷണം. കിണറില്‍ നിന്നും വെള്ളമടിക്കാനായി സ്ഥാപിച്ചിരുന്ന മൂന്നു മോട്ടറുകൾ മോഷണം പോയി. വീട്ടുകാർ നനയ്ക്കുന്നതിനും മറ്റുമായി വീടിനുപുറത്ത് സ്ഥാപിച്ചിരുന്ന മോട്ടറുകളാണ് മോഷണംപോയത്. മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു.

ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം പൊറ്റേച്ചിറ വിശ്വനാഥൻ, പട്ടേക്കാട് പ്രകാശൻ, കണിച്ചേരിവെളി ലീല എന്നിവരുടെ വീടുകളിലാണ് മോഷണം. ലീലയുടെ മകന്റെ വീട്ടിലെ മോട്ടോർ ഇളക്കിമാറ്റാൻ നടത്തിയ ശ്രമം വിജയിച്ചില്ല. രാവിലെയാണ് എല്ലാ വീട്ടുകാരും സംഭവമറിയുന്നത്. മറ്റൊന്നും വീടുകളിൽനിന്നു നഷ്ടമായിട്ടില്ല.

പഞ്ചായത്തംഗം കെ. കെ. ഷിജിയുടെ നിർദേശപ്രകാരം വീട്ടുകാർ ചേർത്തല പോലീസിൽ പരാതി നൽകി. ഇൻഫോപാർക്കിന് തെക്കുഭാഗത്തുനിന്ന് കിഴക്കോട്ടുള്ള റോഡിന് സമീപമാണ് മോഷണം നടന്ന വീടുകൾ. അതുകൊണ്ടുതന്നെ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവരാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ അനുമാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share via
Copy link
Powered by Social Snap