കൂടത്തായി കൊലപാതകക്കേസ്: തെളിയിക്കുന്നത് വലിയ വെല്ലുവിളിയെന്ന് ഡിജിപി

തിരുവനന്തപുരംകൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളിയെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനായി ആവശ്യമെങ്കിൽ വിദേശത്ത് പരിശോധന നടത്തുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ ഇനിയും വെല്ലുവിളി ഏറെയാണ്. വർഷങ്ങൾ പഴക്കമുള്ള കൊലപാതകങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന പ്രശ്നം. പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളിൽ ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ പരിമിതികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.

കൊലപാതകത്തിന് സയനൈഡ് ഉപയോഗിച്ചതിന്‍റെ തെളിവ് കണ്ടെത്തുക എന്നത് ഏറെ വെല്ലുവിളിയാണ്. സയനൈഡിന്‍റെ തെളിവുകൾ കണ്ടെത്തുക സാധ്യമാണെങ്കിലും ഏറെ ശ്രമകരവുമാണെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതുനായി വിദേശ ലാബുകളുടെ സഹായതേടുന്നുണ്ടെങ്കിലും സാഹചര്യതെളിവുകൾ ഇനിയും ശേഖരിക്കാൻ കഴിഞ്ഞാൽ കേസ് ശക്തമാകുമെന്നും ഡിജിപി വ്യക്തമാക്കി. 

കേസില്‍ ഒന്നിലധികം എഫ്ഐആറുകൾ ഇടുന്നതിനെ കുറിച്ച് പരിശോധിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഓരോ കേസിലും പ്രത്യേകം എഫ്ഐആറുകൾ ഇടുകയാണ് ഉത്തമമെന്നും കേസിലെ എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രതികളുണ്ടാകാനുള്ള സൂചനയും ബെഹ്റ നൽകി. സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും തെളിവുകൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ പ്രധാന്യം നൽകുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

അന്വേഷണ സംഘം വിപുലീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. പരാതിക്കാരനും മരിച്ച റോയ് തോമസിന്‍റെ സഹോദരനുമായ റോജോയെ വിദേശത്ത് നിന്ന് വിളിച്ച് വരുത്തും. കുടുംബാംഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം മാത്രം കൂടുതൽ അറസ്റ്റിലേക്ക് നീങ്ങിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap