കൂടത്തായി; പിടിയിലാകും മുമ്പ് ജോളി ഇമ്പിച്ചിമൊയ്തീനെ വിളിച്ചു, സഹായം തേടി

കോഴിക്കോട്: പൊലീസിന്‍റെ പിടിയിലാകുന്നതിനു മുമ്പ് ജോളി മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായി ഫോണ്‍ രേഖകള്‍.  വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്ന് ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴി നല്‍കി.

കൂടത്തായി കൊലപാതകക്കേസില്‍ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരന്തരം ഫോണില്‍ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിന് മൊഴിനല്‍കി. 

ഒരു വക്കീലുമായി താന്‍ ജോളിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും കോഴിക്കോട്ടുള്ള കസിന്‍ ബ്രദര്‍ വഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീന്‍ പൊലീസിനോട് പറഞ്ഞു. 

ജോളിയടക്കമുള്ള പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. രാവിലെ 10 മണിക്ക് ഇവരെ കോടതിയില്‍ ഹാജരാക്കാനാണ് താമരശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചു. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്യുവിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.

മാത്യുവിന് ജാമ്യം ലഭിക്കാനുള്ള സാധ്യത നൂറുശതമാനവും ഉണ്ടെന്ന് പറയാനാകില്ലെന്ന് മാത്യുവിന്‍റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ജോളിക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ അഭിഭാഷകര്‍ രംഗത്തുവന്നിട്ടില്ല.  പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് അന്വേഷണസംഘത്തിന്‍റെ ആവശ്യം. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.  പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുമെന്നും അസിസ്റ്റന്‍റ് പബ്ലിക് പ്രൊസിക്യൂട്ടർ രഞ്ജിൻ ബേബി പറഞ്ഞു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap