കെഎസ്ആര്‍ടിസിക്ക് സര്‍വീസ് സമീപ ജില്ലകളിലേക്ക് മാത്രം സ്വകാര്യ ബസുകള്‍ക്ക് കാസര്‍ഗോഡ് വരെയും പോകാം

കെ.ജി മനോജ് കുമാർ മരുതംകുഴി

കെഎസ്ആര്‍ടിസിക്ക് സര്‍വീസ് സമീപ ജില്ലകളിലേക്ക് മാത്രം സ്വകാര്യ ബസുകള്‍ക്ക് കാസര്‍ഗോഡ് വരെയും പോകാം

കെഎസ്ആര്‍ടിസിക്ക് സര്‍വീസ് സമീപ ജില്ലകളിലേക്ക് മാത്രം സ്വകാര്യ ബസുകള്‍ക്ക് കാസര്‍ഗോഡ് വരെയും പോകാം ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ ഒത്താശ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്വകാര്യന്‍മാര്‍ തിരുവനന്തപുരം: കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിനും ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെയും സ്വകാര്യ ബസുകളുടെ കൊയ്ത്ത്. കെഎസ്ആര്‍ടിസിയെ മൂലയ്ക്കിരുത്തിയാണ് സ്വകാര്യ ബസുകള്‍ കൊള്ളലാഭം കൊയ്യുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമീപ ജില്ലളില്‍ മാത്രമാണ് പൊതുഗതാഗതത്തിന് സംസ്ഥാനത്ത് അനുമതി നല്‍കിയിട്ടുള്ളത്. ദേശീയപാത, എംസി റോഡുകള്‍ എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാണ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ റൂട്ടുകളില്‍ സ്വകാര്യ വ്യക്തികള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ബസിന് കൊല്ലത്ത് ആള്‍ക്കാരെ ഇറക്കാനേ അനുവാദമുള്ളു. അവിടെനിന്നും വേറൊരു ബസില്‍ കയറി യാത്രക്കാര്‍ അടുത്ത ജില്ലയിലേക്ക് പോകണമെന്നാണ് നിലവിലെ നിര്‍ദ്ദേശം. ഇത് കെഎസ്ആര്‍ടിസി കൃത്യമായി പാലിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ ബസുകളാകട്ടെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. പല കമ്പനികളും ഇതിനോടകം 35 ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കോവിഡ് രോഗം പടരുന്ന സാഹചര്യത്തിലാണ് സമീപ ജില്ലകളിലേക്കു മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിലപാടില്‍ സര്‍ക്കാരെത്തിയത്. എന്നാല്‍ സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ കൂട്ടുകെട്ടിനെ തുടര്‍ന്നാണ് യാതൊരു പരിശോധനയുമില്ലാതെ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്.  ഇതിനോടകം തന്നെ സ്വകാര്യ ബസുകളുടെ വെബ്‌സൈറ്റുകളില്‍ സര്‍വീസുകള്‍ സംബന്ധിച്ച് പരസ്യങ്ങളും വന്നുകഴിഞ്ഞു. കൊല്ലം വരെ യാത്ര ചെയ്യുന്നതിന് 210 രൂപയാണ് ചാര്‍ജ്. പരിശോധനയൊന്നും ഉണ്ടാകില്ലെന്നും യാത്രക്കാരെ സുരക്ഷിതരായി കൃത്യ സ്ഥലത്ത് എത്തിക്കുമെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ പറഞ്ഞു. അടുത്തിടെ കൊല്ലം ജില്ലയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരുവനന്തപുരത്തെ ഓഫീസിലെത്താന്‍ പുനലൂര്‍-തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചിരുന്നു. കെഎസ്ആര്‍ടിസിക്കു മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ സ്വകാര്യ ബസുടമകള്‍ ആലപ്പുഴയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് പുനലൂരിലെത്തി അവിടെനിന്നും ആള്‍ക്കാരെ തിരുവനന്തപുരത്ത് എത്തിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരാണെന്ന വ്യാജേനയാണ് ഇവര്‍ ആള്‍ക്കാരെ മറ്റു ജില്ലകളില്‍ നിന്നും തലസ്ഥാനത്തേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഇതില്‍അധികവും അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് വസ്തുത. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നിലച്ചതാണ് സ്വകാര്യ ബസുകള്‍ ഇത്തരം സര്‍വീസുകള്‍നടത്താന്‍ കാരണം. നിലവില്‍ ഒരു സ്വകാര്യ ബസുകള്‍ക്കും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ ഏതുവിധേനയും രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. ബിജു പ്രഭാകറാണ് കോര്‍പ്പറേഷന്‍ എംഡി. ലോക്ക്ഡൗണ്‍ കാലത്ത് ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ അദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രനോട് അനുമതി തേടിയിരുന്നു. തൃശൂര്‍ വരെയെങ്കിലും സര്‍വീസ് ആരംഭിക്കണമെന്നും യാത്രക്കാര്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രിയെ എംഡി അറിയിച്ചു. എന്നാല്‍ യാതൊരു കാരണവശാലും ദീര്‍ഘദൂര സര്‍വീസ് ഇപ്പോള്‍ ആരംഭിക്കേണ്ടെന്നും സമീപ ജില്ലകളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. അതേസമയം ഈ റൂട്ടുകളില്‍ ഇപ്പോഴും സ്വകാര്യ ബസുകള്‍ നിര്‍ബാധം സര്‍വീസ് നടത്തുകയാണ്. സര്‍ക്കാര്‍ സ്ഥാപനത്തെ വീണ്ടും നഷ്ടത്തിന്റെ കണക്കുകള്‍ പറഞ്ഞ് പൂട്ടാനുള്ള ശ്രമമാണ് ഗതാഗത മന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടാകുന്നതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു.

.

.

.