കൊട്ടാരക്കരയിൽ സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈൽ പ്രതിഷേധം; തങ്ങളെ അപമാനിച്ചെന്ന് ബിജെപി പ്രവർത്തകര്

കൊട്ടാരക്കരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് സുരേഷ് ഗോപി ചടങ്ങ് പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. പ്രവർത്തകർ കൊവിഡ് മാനദണ്ഡം ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് പ്രസംഗിക്കാതെ സുരേഷ് ഗോപി എംപി മടങ്ങിയതെന്നാണ് ആക്ഷേപം. അതേ സമയം സുരേഷ്ഗോപി തങ്ങളെ അപമാനിച്ചെന്ന് ബിജെപി പ്രവർത്തകർ സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടു.
കൊല്ലം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സുരേഷ് ഗോപി കൊട്ടാരക്കരയിൽ എത്തിയത്. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സേവാ സമർപ്പൺ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു കൊട്ടാരക്കര പുലമൺ മാർത്തോമ ജൂബിലി മന്ദിരത്തിലേക്കുള്ള വരവ്. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി ഓർമ്മ മരം നട്ട ശേഷം വേദിയിലേക്ക് നടക്കുമ്പോൾ പ്രവർത്തകർ സുരേഷ് ഗോപിയ്ക്ക് ചുറ്റും കൂടുകയും സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് പലതവണ അദ്ദേഹം നിരുത്സാഹപ്പെടുത്തി.
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ ആൾക്കൂട്ടം അരുതെന്ന് പറയുകയും ചെയ്തു. എന്നാൽ നിർദ്ദേശം മറികടന്ന് പിന്നെയും പ്രവർത്തകർ സെൽഫി എടുക്കാൻ ശ്രമിച്ചു.ഇതോടെ വേദിയിലേയ്ക്കുള്ള നേതാക്കളുടെ ക്ഷണം നിരസിച്ച സുരേഷ്ഗോപി താഴെ നിന്ന് തെങ്ങിൻ തൈ നൽകിയ ശേഷം ആരോടും യാത്ര പോലും പറയാതെ  ഇറങ്ങിപ്പോവുകയായിരുന്നു.
ബിജെപി നേതാക്കളുടെ ക്ഷണം സ്വീകരിച്ചെത്തിയ പൗരപ്രമുഖരുടെ മുന്നിൽ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈൽ പ്രതിഷേധം. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേയ്ക്ക് സുരേഷ് ഗോപിയുടെ പേര് ചർച്ചയാകുന്നതിനിടെയാണ് പ്രവർത്തകരുടെ പ്രവൃത്തിയിൽ അതൃപ്തി രേഖപ്പെടുത്തിയുള്ള നേതാവിൻ്റെ ഇറങ്ങിപ്പോക്ക്. ഈ നടപടി തങ്ങൾക്ക് അപമാനമായെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ സംസ്ഥാന നേതൃത്വത്തിനടക്കം പരാതി നൽകി. ഇത് പോലുള്ള നേതാക്കളെ കൊട്ടാരക്കരയിലേക്ക് അയക്കരുതെന്ന മുന്നറിയിപ്പും നൽകിയതായാണ് സൂചന.
Share via
Copy link
Powered by Social Snap