കെ സുധാകരന് കെപിസിസി പ്രസിഡന്റാകാന് സാധ്യത

കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏല്‍പിക്കാന്‍ സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ കെ സുധാകരനെ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷനെന്ന ഉത്തരവാദിത്വം കൂടി അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്നത്. എന്നാല്‍ ഇത് താത്കാലികമാണോ സ്ഥിരമാണോ എന്നതില്‍ അവ്യക്തതയുണ്ട്.

സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അന്തിമ തീരുമാനം എടുക്കും. ഹൈക്കമാൻഡ് അനൗപചാരിക ചർച്ചകൾ ആരംഭിച്ചു. കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കും. ഈ മാസം 27ന് സുധാകരന്‍ ഡല്‍ഹിയിലെത്തും.

കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയപ്പോള്‍ കെ സുധാകരനെയും വിളിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് സുധാകരന് എത്താന്‍ കഴിഞ്ഞില്ല.

കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചു. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Share via
Copy link
Powered by Social Snap