കേന്ദ്ര അവഗണനയ്ക്കെതിരെ കർഷകരുടെ പ്രതിഷേധം

ഇടുക്കികേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധസമരം നടത്തി. ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽ സമരം നടന്നു. കോവിഡ്‌ വ്യാപനത്തിന്റെ മറവിൽ രാജ്യത്തിന്റെ മണ്ണും വിണ്ണും പൊതുമേഖലയും രാജ്യസുരക്ഷയും കോർപറേറ്റുകൾക്ക്‌ വിറ്റുതുലയ്‌ക്കുന്ന കേന്ദ്ര സർക്കാർ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോവിഡ്‌ അതിജീവന പാക്കേജിൽ കാർഷികമേഖലയെ പരിഗണിച്ചതേയില്ല. കാർഷിക കടങ്ങൾ എഴുതിത്തള്ളാനും കാർഷികോൽപ്പന്നങ്ങൾക്ക്‌ ഇയർന്ന തറവില പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറല്ല. ഇതിനെതിരെയായിരുന്നു സമരം.

 പാറത്തോട്‌ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എൻ വി ബേബി സമരം ഉദ്‌ഘാടനം ചെയ്‌തു. കെ വി മുരളി അധ്യക്ഷനായി. വണ്ടൻമേട് ഏരിയയിൽ ഏഴുകേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. വണ്ടൻമേട്ടിൽ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ സമരം ഏരിയ സെക്രട്ടറി കെ സോമശേഖരൻ ഉദ്ഘാടനംചെയ്തു. മൂലമറ്റം ഏരിയയിൽ കുടയത്തൂർ പോസ്റ്റ് ഓഫീസിന് മുന്നിലെ സമരം സംസ്ഥാന കമ്മിറ്റിയംഗം പി പി ചന്ദ്രനും ഇളംദേശത്ത് ഏരിയ പ്രസിഡന്റ്‌ ഇ കെ കബീറും മൂലമറ്റത്ത് ഏരിയ സെക്രട്ടറി പി ഡി സുമോനും നേതൃത്വം നൽകി. കട്ടപ്പന ഏരിയയിൽ കട്ടപ്പന ഹെഡ്‌ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം എൻ ശിവരാജൻ ഉദ്‌ഘാടനം ചെയ്‌തു. മാത്യു ജോർജ്‌ അധ്യക്ഷനായി.