കേരളത്തിന്റെ അഭിമാനം, നാഷണൽകബഡി താരം; ഇന്ന് അതിജീവനത്തിനായി തെരുവിൽ മീന് കച്ചവടം

മാന്നാർ: കേരളത്തിന്‍റെ അഭിമാനമായിരുന്ന നാഷണൽ കബഡി താരം അതിജീവനത്തിനായി തെരുവിൽ മീന്‍ കച്ചവടം നടത്തുന്നു. സ്കൂൾ തലം മുതൽ നാഷണൽ തലം  വരെ പങ്കെടുത്ത കബഡി താരം ചെന്നിത്തല പഞ്ചായത്ത് അഞ്ചാം വാർഡിൽ ഒരിപ്രം വടയത്ത് കിഴക്കേതിൽ സന്ദീപ് ഭവനത്തിൽ കൃഷ്ണമ്മ (40) ആണ് തെരുവിൽ മീന്‍ കച്ചവടം നടത്തി കുടുംബം പോറ്റുന്നത്. ഒരു കാലത്ത് കേരള ടീമിൻറെ അഭിമാനമായ കബഡി താരമായിരുന്നു കൃഷ്ണമ്മ.

കേരളം ഒട്ടേറെ പുരസ്കാരങ്ങൾ നൽകി ആദരിച്ച താരം ഇന്ന് ജീവിതം പച്ചപിടിപ്പിക്കാന്‍ മീന്‍വില്‍പ്പനയിലാണ്. എട്ടാം ക്ലാസ് മുതലാണ് സ്കൂളിലെ കബഡി ടീമിൽ അംഗമാകുന്നത്. സ്കൂൾ തലങ്ങളിലും, കേരളോത്സവങ്ങളിലുമുള്ള കബഡി മത്സരങ്ങളിൽ പങ്കെടുത്ത് ദേശീയ തലം വരെ പങ്കെടുക്കാൻ കൃഷ്ണമ്മയ്ക്ക് അവസരം ലഭിച്ചിരുന്നു. എതിർ ടീമിന്റെ ഒരു കാലത്തെ പേടി സ്വപ്നം കൂടിയായിരുന്നു കൃഷ്ണമ്മ. കൃഷ്‌ണമ്മയും, ഇവരുടെ ഒപ്പം അന്നമ്മ, കൊച്ചുമോൾ തുടങ്ങിയ ചെന്നിത്തലയിലെ ഒരു താരനിര തന്നെ ഉണ്ടായിരുന്നു.

വനിതാ കബഡി ടീമിൻറെ ഭാഗമായി മധ്യപ്രദേശ്, റായ്പൂർ, പഞ്ചാബ്, ജമ്മുകാശ്മീർ, മധുര എന്നീ സംസ്ഥാനങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്ത കൃഷ്ണമ്മയ്ക്ക് ധാരാളം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള ടീമിന്‍റെ 10 വർഷം കളികളത്തിലെ നിറസാന്നിധ്യമായിരുന്നു കൃഷ്ണമ്മ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകൾക്കു വേണ്ടിയും കളികളത്തിൽ ഇറങ്ങിയിട്ടുണ്ട്. പത്താം ക്ലാസുവരെ മാത്രം പഠിപ്പുള്ള കൃഷ്ണമ്മ പിന്നീട് കുടുംബം പോറ്റുവാനുള്ള തിരക്കായിരുന്നു.

സഹോദരങ്ങൾ വിവാഹം കഴിച്ച് മറ്റിടങ്ങളിൽ താമസമാക്കി. രോഗിയായ അച്ഛന്‍റെ ചികിത്സയ്ക്കും മറ്റുമായി തെങ്ങ് കയറ്റം, മരംവെട്ട് എന്നീ ജോലികൾ കൃഷ്ണമ്മ ഏറ്റെടുത്ത് നടത്തുന്നതിനിടെ അച്ഛൻ മരിക്കുകയും പിന്നീട് കുടുംബം സംരക്ഷിക്കേണ്ട ചുമതലയും കൃഷ്ണമ്മയ്ക്കായി. വീട്ടുകാർ കൃഷ്ണമ്മയ്ക്ക് തെയ്യം കലാകാരനായ ആയാപറമ്പ് ചെറുതന മാടശ്ശേരി ലക്ഷം വീട് കോളനിയിലെ അശോകനുമായുള്ള വിവാഹം നടത്തി. 

രണ്ട് മക്കളടങ്ങുന്ന കുടുംബവുമായി ജീവിക്കുന്നതിനിടെയാണ് ഭർത്താവിനെ ശാരീരിക അസുഖകൾ പിടികൂടി ജോലിക്ക് പോകുവാൻ കഴിയാത്ത നിലയിലായി. മഹാപ്രളയത്തിൽ വീട് തകർന്ന് പുനർനിർമിക്കുവാൻ പോലും കഴിയാത്ത നിലയിൽ കുടുംബ ജീവിതം കൂടുതൽ ദുരിതപൂർണമായി. ഭർത്താവിൻ്റെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനുമായി വീണ്ടും തെങ്ങ് കയറ്റവും മരം വെട്ടുമായി കൃഷ്ണമ്മ വിവിധയിടങ്ങളിൽ ജോലി ചെയ്തു. 

തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണമ്മ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് തെങ്ങ് കയറ്റവും മരം വെട്ടും ഉപേക്ഷിച്ച് മീൻ കച്ചവടത്തിനായി ഇറങ്ങി തിരിച്ചത്. വീടിൻ്റെ സമീപത്തുള്ള വ്യക്തിയാണ് മീൻ കച്ചവടത്തിനായി സ്കൂട്ടർ വാങ്ങി നൽകിയത്. ദേശീയ കബഡി താരവും, കബഡി പരിശീലകയും റഫറിയുമായ കൃഷ്ണമ്മയ്ക്ക് സർക്കാർ തലത്തിൽ ലഭിക്കേണ്ട യാതൊരു പരിഗണനയും ലഭിക്കാതെ ഈ കായിക താരത്തെ അവഗണിക്കുകയാണുണ്ടായത്. പരേതനായ രാജപ്പൻറെയും യശോദയുടെയും പത്ത് മക്കളിൽ ഏഴാമത്തെ മകളാണ് കൃഷ്ണമ്മ.

Share via
Copy link
Powered by Social Snap