കേരളത്തിന്റെ കൊവിഡ് പ്രതിരോധം തൃപ്തികരം; റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറുമെന്നും കേന്ദ്രസംഘം

തിരുവനന്തപുരം: കേരളത്തിൻറെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയെന്ന് കേന്ദ്ര സംഘം അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടൻ കേന്ദ്രസർക്കാരിന് കൈമാറും. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ അസ്വഭാവികതയില്ലെന്നും ആവശ്യപ്പെട്ട തോതില്‍ വാക്സിൻ കിട്ടുമെന്നാണ് പ്രതീക്ഷയന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.

കേരളത്തിലെ കൊവിഡ്  പക്ഷിപ്പനി സാഹചര്യങ്ങൾ പഠിക്കാനാണ് രണ്ടംഘ കേന്ദ്ര സംഘം കേരളത്തിലെത്തിയത് . ആലപ്പുഴ , കോട്ടയം ജില്ലകളില്‍ പഠനം നടത്തിയശേഷമാണ് സംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് . ദേശീയ രോഗ നിയന്ത്രണ വിഭാഗത്തിന്‍റെ ഒരു കേന്ദ്രം കേരളത്തില്‍ അനുവദിക്കണമെന്ന ആവശ്യം സംഘം കേന്ദ്രത്തെ അറിയിക്കും . 

രോഗ വ്യാപന തോത് പിടിച്ചുനിര്‍ത്താനായതും മരണനിരക്ക് കുറയ്ക്കാനായതും നേട്ടമെന്ന് ആരോഗ്യമന്ത്രി  പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങൾ എന്നിവയാണ് ഇപ്പോഴത്തെ രോഗ വ്യാപനത്തിന് കാരണമെന്നും സംസ്ഥാനം കേന്ദ്ര സംഘത്തെ അറിയിച്ചു

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് രോഗികള്‍ ഉള്ള കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ദേശീയ ശരാശരിയേക്കാൾ അഞ്ചിരട്ടിയാണ് . ഇത് സര്‍ക്കാരിന്‍റെ പരാജയമാണെന്ന രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് സംസ്ഥാനത്തെ നടപടികളില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പടുത്തിയത് .

Share via
Copy link
Powered by Social Snap