കേരളത്തില്‍ മാസ്റ്റര്‍ തരംഗം; ഏഴ് ദിവസംകൊണ്ട് വാരിയത് ഒമ്പത് കോടി

നീണ്ട ഇടവേളക്ക് ശേഷം കേരളത്തില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന് വന്‍ വരവേല്‍പ്പ്. കേരള പ്രൊഡ്യൂസേഴ്സിന്റെ കണക്കുകള്‍ പ്രകാരം ഏഴ് ദിവസം കൊണ്ട് മാസ്റ്റര്‍ നേടിയത് 9 കോടിയിലധികമാണ്. 50 ശതമാനം സീറ്റങ്ങ് കപ്പാസിറ്റിയില്‍ 1300ല്‍ പരം സ്ക്രീനുകളില്‍ മാത്രമാണ് മാസ്റ്റര്‍ റിലീസ് ചെയ്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ വിജയുടെ മാസ് ചിത്രം മാസ്റ്റര്‍ മെഗാ ഹിറ്റിലേക്ക് കുതിച്ചിരിക്കുന്നു എന്ന് കേരള ബോക്സ് ഓഫീസും ട്വീറ്റ് ചെയ്തിന്നു.

ജനുവരി 13നാണ് കേരളത്തില്‍ മാസ്റ്റര്‍ റിലീസ് ചെയ്തത്. കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍. വിജയ്, വിജയ് സേതുപതി, മാളവിക മോഹന്‍, ആന്‍ഡ്രിയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

കോവിഡ് കാരണം റിലീസ് വൈകിപ്പോയ ചിത്രം തിയേറ്റര്‍ റിലീസായി മാത്രമേ പ്രേക്ഷകരിലേക്ക് എത്തുകയുള്ളുവെന്ന് നടന് വിജയ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ശേഷമാണ് പൊങ്കല്‍ റിലീസായി മാസ്റ്റര്‍ പ്രേക്ഷകരിലേക്കെത്തിയത്. എല്ലാ ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് മാസ്റ്റര്‍ നടത്തിയിരിക്കുന്നത്. ചിത്രം 100 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞുവെന്നാണ് അനൗദ്യോകിക കണക്കുകള്‍ പറയുന്നത്.