കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ

: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. രണ്ട് കൊല്ലത്തിനിടയിൽ ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി വന്‍ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സിറോ മലബാർ സഭ സിനഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. സഭയുടെ ആരോപണം പരിശോധിക്കുമെന്നും ബഹ്റ പ്രതികരിച്ചു. 

ലൗ ജിഹാദെന്ന സിറോ മലബാർ സഭയുടെ ആരോപണത്തെ തുടർന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. സിറോ മലബാർ സഭാ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ കമ്മീഷന്‍റെ നടപടി. 21 ദിവസത്തിനകം റിപ്പോർട്ട് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ കമ്മീഷൻ നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകും. തീവ്രവാദ സംഘടനകൾ നടത്തുന്ന ലൗ ജിഹാദിൽ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ കത്തില്‍ പറയുന്നു.

“കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേര്‍ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.” എന്നായിരുന്നു സര്‍ക്കുലരിലെ ആരോപണം. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap