കൊച്ചി ബ്ലാക്ക് മെയിൽ കേസ്: മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചിനടി ഷംനാ കാസിമിനെ അടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പുലർച്ചെ പാലക്കാട്ട് വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായി ഈ വിവരം സൂക്ഷിച്ച പൊലീസ് ഇയാളെ കൊച്ചിയിലെത്തിച്ച ശേഷം മാത്രമാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഇയാളെ നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. ലൈംഗികചൂഷണമടക്കം കൂടുതൽ പരാതികളുമായി കൂടുതൽ ഇരകൾ കേസിൽ രംഗത്ത് വരുമ്പോൾ കേസ് മറ്റൊരു തലത്തിലേക്ക് മാറുന്നു.

ഇന്നലെയും ഇന്നുമായി കൂടുതൽ മോഡലുകൾ ഇതേസംഘത്തിനെതിരെ ലൈംഗികചൂഷണമടക്കം ഉണ്ടായെന്ന പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇവരുടെ എല്ലാവരുടെയും പരാതികളിൽ വെവ്വേറെ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ എല്ലാം ഒറ്റ കേസായി പരിഗണിച്ച് ശക്തമായ കേസും തെളിവുകളും ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനിടെ, കേസ് പിൻവലിക്കാനുള്ള ശക്തമായ സമ്മർദ്ദം പല ഭാഗത്തു നിന്നുമുണ്ടെന്ന് പരാതി നൽകിയ ഒരു യുവമോഡൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരകൾക്ക് ആർക്കെങ്കിലും അത്തരമൊരു പരാതിയുണ്ടെങ്കിൽ ഉടനടി പൊലീസിനെ സമീപിക്കണമെന്നും, എല്ലാ സുരക്ഷയും ഒരുക്കുമെന്നും കേസന്വേഷിക്കുന്ന ഡിസിപി പൂങ്കുഴലിയുംപ്രതികരിച്ചു.

ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് കെണിയിൽ പെടുത്താനുള്ള പ്രധാനപദ്ധതി തയ്യാറാക്കിയത് ഷെരീഫാണെന്നാണ് അച്ഛൻ കാസിം വ്യക്തമാക്കുന്നത്. എന്നാൽ ഷെരീഫ് മാത്രമല്ല, ഇനിയും കൂടുതൽ പേർ ഇതിൽ അംഗങ്ങളാണെന്നും തട്ടിപ്പിനും ഭീഷണിക്കും ചൂഷണത്തിനുമിരയായ യുവമോഡൽ വ്യക്തമാക്കുന്നു. ഇതേ സംഘത്തിലെ ആളുകളാണ് സ്വർണ്ണക്കടത്തിന് നിർബന്ധിച്ചതെന്നാണ് യുവമോഡൽ വ്യക്തമാക്കുന്നത്. 

അതേസമയം, ഷംനാ കാസിമുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിലായെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കുന്നു. പുതിയ പരാതികളിൽ അന്വേഷണം നടക്കുകയാണ്. 

സിനിമാമേഖലയിലുള്ളവർക്ക് ബന്ധം?

കേസിൽ സിനിമാമേഖലയിലും സീരിയൽ മേഖലയിലും ഉള്ളവർക്ക് പങ്കുണ്ടോ എന്ന വിവരം പൊലീസ് സജീവമായി പരിഗണിക്കുകയാണ്. കൂടെ നിന്നാൽ സിനിമാ, സീരിയൽ മേഖലകളിൽ അവസരം തരാമെന്നും നല്ല പണം ലഭിക്കുമെന്നും പറഞ്ഞാണ് ഈ പ്രതികൾ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകാറുള്ളത്. ബാച്ചുകളായാണ് പെൺകുട്ടികളെ ആവശ്യമുള്ള ഇടത്തേക്ക് കടത്തുക. ഏറ്റവുമൊടുവിൽ എട്ട് പെൺകുട്ടികളുള്ള ഒരു സംഘത്തെയാണ് പാലക്കാട്ടെത്തിച്ചതും സ്വർണക്കടത്തിന് വേണ്ടി നിർബന്ധിച്ചതും. ഇതിലെ ഒരാളാണ് നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

കേസിൽ മുഖ്യപ്രതി അറസ്റ്റിലായതോടെ എല്ലാവരെയും ഒരുമിച്ചിരുത്തി വിശദമായ മൊഴിയെടുപ്പും അന്വേഷണവും ഉണ്ടാകും. 

Share via
Copy link
Powered by Social Snap