‘കൊതിപ്പിക്കുന്ന വീട്’; അനുഷ്ക പങ്കുവയ്ക്കുന്ന ചിത്രങ്ങള്…

ഈ ലോക്ഡൗണ്‍ കാലത്ത് കൂടുതലും വീട്ടുവിശേഷങ്ങളാണ് സിനിമാതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ബോളിവുഡ് താരവും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രിയതമയുമായ അനുഷ്‌ക ശര്‍മ്മയും. 

മറ്റ് താരങ്ങള്‍ വര്‍ക്കൗട്ട് വീഡിയോകളും പാചക പരീക്ഷണങ്ങളുമെല്ലാം പങ്കുവച്ചപ്പോള്‍ അനുഷ്‌ക, പക്ഷേ അല്‍പം വ്യത്യസ്തമായി വീടിനെക്കുറിച്ചുള്ള ചില രസകരമായ നിരീക്ഷണങ്ങളും വിശേഷങ്ങളുമാണ് അധികവും പങ്കുവച്ചത്. ഭര്‍ത്താവ് കോലിക്കൊപ്പം വീട്ടില്‍ ചിലവിട്ട നല്ല നിമിഷങ്ങള്‍, സന്തോഷം പ്രദാനം ചെയ്യുന്ന വീട്ടിലെ പലയിടങ്ങളിലുമിരുന്ന് കൊണ്ടുള്ള ചിത്രങ്ങള്‍ ഇങ്ങനെ പോകുന്നു അനുഷ്‌കയുടെ ചിത്രങ്ങള്‍.

ഇപ്പോഴിതാ തന്റെ വീടിന്റെ അതിമനോഹരമായ ഒരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് താരം. ബാല്‍ക്കണിയിലെ പച്ചപ്പിനിടെ പൂന്തോട്ട പരിപാലനത്തില്‍ മുഴുകിയിരിക്കുന്ന അനുഷ്‌കയാണ് ചിത്രത്തിലുള്ളത്. വിശാലമായ ബാല്‍ക്കണിയാണെന്നാണ് ഒറ്റനോട്ടത്തില്‍ ഇതിനെ തോന്നുക.   

സാധാരണഗതിയില്‍ ബാല്‍ക്കണികളില്‍ നട്ടുവളര്‍ത്തുന്ന തരം ചെറിയ പൂച്ചെടികളല്ല അനുഷ്‌കയുടെ തോട്ടത്തിലുള്ളത്. വളര്‍ന്ന് റൂഫിനൊപ്പം മുട്ടിനില്‍ക്കുന്ന, പടര്‍ന്നുകയറിയ പ്രത്യേകയിനത്തില്‍ പെട്ട ചെടികളാണ് അധികവും. നിറഞ്ഞുനില്‍ക്കുന്ന ഈ പച്ചപ്പ് ചെറിയ ചെടികള്‍ നല്‍കുന്ന അനുഭവത്തെക്കാള്‍ പല മടങ്ങ് സന്തോഷം പകരുന്നതാണ്.   

മുംബൈ നഗരത്തില്‍ തന്നെയുള്ള ഫ്‌ളാറ്റിലാണ് അനുഷ്‌കയും ഭര്‍ത്താവ് കോലിയും താമസിക്കുന്നത്. നേരത്തേ ലോക പരിസ്ഥിതി ദിനത്തിലും തന്റെ ‘ഗാര്‍ഡ’നില്‍ നിന്ന് സംസാരിക്കുന്ന വീഡിയോ അനുഷ്‌ക പങ്കുവച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് പലപ്പോഴായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീടിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 

Share via
Copy link
Powered by Social Snap