കൊറോണയോട് പൊരുതി ഇന്ത്യ മുന്നോട്ട്; രോഗമുക്തി നിരക്ക് 58 ശതമാനത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ഷദ്ധന്‍. രാജ്യത്തെ കൊറോണ മുക്തി നിരക്ക് ദിനം പ്രതി ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

58 ശതമാനത്തിനു മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും ഇത് വരെ 3 ലക്ഷത്തോളം പേര്‍ വൈറസില്‍ നിന്ന് മുക്തരായെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് ഹര്‍ഷ വര്‍ദ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് വൈറസ് ബാധിച്ചുള്ള മരണ നിരക്ക് മൂന്ന് ശതമാനം മാത്രമേ ഉള്ളൂവെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.19 ദിവസം കൂടുമ്പോള്‍ മാത്രമാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രോഗബാധിതര്‍ കൂടുതല്‍ ഉള്ള ഡല്‍ഹിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹിയിലെ ഏറ്റവും വലിയ കൊറോണ ആശുപത്രി സര്‍ദാര്‍ പട്ടേല്‍ കൊറോണ കെയര്‍ സെന്ററിന് കേന്ദ്രസര്‍ക്കാര്‍ 2,000 കിടക്കകള്‍ നല്‍കി. 4.7 ലക്ഷം ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ക്കുള്ള ഡയഗ്‌നോസ്റ്റിക് മെറ്റീരിയലും 50,000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന് സൗജന്യമായി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ മുന്നിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണക്കെതിരെ ലോകം ശക്തമായ പേരാട്ടത്തിലാണ്. എന്നാല്‍ വൈറസിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്നും രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.