കൊറോണ പ്രതിരോധം; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷി യോഗം

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം ചേരും. രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. രാജ്യസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യമുളള പാർട്ടികളുടെ നേതാക്കൾ സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കും.

ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ, പാർലെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ജലവിഭവ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ നിലവിലെ കൊറോണ സാഹചര്യം, വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത രണ്ടാമത്തെ സർവ്വകക്ഷിയോഗമാണിത്. വാക്‌സിൻ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനായി പ്രധാനമന്ത്രി രാജ്യത്തെ വിവിധ ലാബുകളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സർവ്വകക്ഷി യോഗം ചേരുന്നത്. അതിനാൽ തന്നെ വാക്‌സിൻ വിതരണം സംബന്ധിച്ച നിർണായക വിവരങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം.

Share via
Copy link
Powered by Social Snap