കൊറോണ വൈറസ് പശ്ചാത്തലത്തിൽ തരംഗമായി ‘കണ്ടേജിയൻ’ എന്ന സിനിമ

കൊറോണ വൈറസ് ലോകമെമ്പാടും പടരുമ്പോൾ വൈറലായി ‘കണ്ടേജിയൻ’ എന്ന സിനിമ. ഒൻപത് വർഷം മുൻപ് ഇറങ്ങിയ ഹോളിവുഡ് സയൻസ് ഫിക്ഷൻ ത്രില്ലർ കൊറോണ പടരുന്ന സാഹചര്യത്തിൽ വീണ്ടും ആളുകൾ കണ്ടുതുടങ്ങിയിരിക്കുകയാണ്. കാരണമെന്തെന്നാൽ കൊറോണ വൈറസ് ബാധയാണ് ഈ സിനിമയിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്.
ചൈനയിൽ നിന്നാണ് ചിത്രത്തിലും കൊറോണ വൈറസ് ആക്രമണം പൊട്ടിപ്പുറപ്പെടുന്നത്. ബിസിനസ് ആവശ്യത്തിന് വേണ്ടി ഹോങ്കോങിലെത്തുന്ന കേന്ദ്ര കഥാപാത്രമായ ബെത്ത് എന്ന യുവതിക്ക് അവിടെ നിന്നും വൈറസ് ബാധയേൽക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം.
സ്റ്റീവൻ സോഡെൻബെർഗിന്റെ ഈ ചിത്രത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ‘നിപ’ പ്രമേയമാക്കി മലയാളത്തിലെ ‘വൈറസ്’ എന്ന സിനിമ ആഷിഖ് അബു സൃഷ്ടിച്ചത്. മാട് ഡാമൻ, മരിയോൺ, ലോറൻസ് ഫിഷ്ബേൺ, ജൂഡ് ലോ, കേറ്റ് വിൻസ്ലെറ്റ്, ഗിന്നത്ത് പൾട്രോ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. കണ്ടേജിയനെ കൂടാതെ ഇത്തരത്തിലുള്ള പ്രമേയവുമായി 1995ലിറങ്ങിയ ‘ഔട്ട് ബ്രേക്ക്’ എന്ന സിനിമയും ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാണ്.