കൊവിഡ് കേസുകൾ 70.53 ലക്ഷത്തിൽ; 918 മരണം കൂടി

ന്യൂഡൽഹി: രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ 70 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ എട്ടിനു പുതുക്കിയ കണക്കനുസരിച്ച് കേസുകളുടെ എണ്ണം 70,53,806 ആയിട്ടുണ്ട്. അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 74,383 കേസുകളാണ്. 918 പേർ കൂടി രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,08,334 ആയി ഉയർന്നു. 

ഇപ്പോൾ രാജ്യത്തു ചികിത്സയിലുള്ളത് 8,67,496 പേരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് ആക്റ്റിവ് കേസുകൾ ഒമ്പതു ലക്ഷത്തിൽ താഴെയാവുന്നത്. 60.77 ലക്ഷത്തിലേറെ പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ റിക്കവറി നിരക്ക് 86.17 ശതമാനമായി ഉയർന്നതായും ആരോഗ്യ മന്ത്രാലയം. മരണനിരക്ക് 1.54 ശതമാനം. ശനിയാഴ്ച 10.78 ലക്ഷത്തിലേറെ സാംപിളുകളാണു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി. 

 അറുപതു ലക്ഷം പിന്നിട്ട് 13 ദിവസത്തിനു ശേഷമാണ് ഇന്ത്യയിലെ കേസുകൾ 70 ലക്ഷം കടക്കുന്നത്. 50 ലക്ഷത്തിൽ നിന്ന് 60 ലക്ഷത്തിലെത്തിയത് 12 ദിവസം കൊണ്ടായിരുന്നു; 40 ലക്ഷത്തിൽ നിന്ന് 50 ലക്ഷത്തിലെത്തിയത് 11 ദിവസം കൊണ്ടും. 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷത്തിലെത്താൻ 21 ദിവസവും അതിനുശേഷം 30 ലക്ഷത്തിലെത്താൻ 16 ദിവസവും 40 ലക്ഷത്തിലെത്താൻ 13 ദിവസവുമാണ് എടുത്തത്. 

സെപ്റ്റംബർ 17നാണ് രാജ്യത്ത് ഏറ്റവും വലിയ പ്രതിദിന വർധനയുണ്ടായത്. 97,894 പുതിയ കേസുകൾ അന്നു സ്ഥിരീകരിച്ചു. അതിനുശേഷം കൊവിഡ് ഗ്രാഫ് താഴോട്ട് ഇറങ്ങുകയാണു രാജ്യത്തെന്നാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്. എന്നാൽ, വ്യാപനസാധ്യത ഇനിയും നിലനിൽക്കുന്നുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും അവർ നിർദേശിക്കുന്നുണ്ട്. 

രാജ്യത്തെ 65 ശതമാനത്തിലേറെ കൊവിഡ് മരണവും മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി സംസ്ഥാനങ്ങളിലായാണ്. 11,416 പുതിയ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇന്നലെ 308 പേർ കൂടിയാണു മരിച്ചത്. മൊത്തം കേസുകൾ 15.17 ലക്ഷവും മരണസംഖ്യ 40,000വും കടന്നിട്ടുണ്ട് സംസ്ഥാനത്ത്. 

Share via
Copy link
Powered by Social Snap