കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം പിടിപെട്ടു; മതിയായ ചികിത്സ ലഭിക്കാതെ അധ്യാപകന് മരിച്ചു

കാസര്‍ഗോഡ്: കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. പുത്തിഗെ സൂരംബയല്‍ മൂഖാരികണ്ടം സ്വദേശി എം പത്മനാഭന്‍ (47) ആണ് മരിച്ചത്. സൂരംബയല്‍ ജി.എച്ച്.എസിലെ അധ്യാപകനായിരുന്നു. പുത്തിഗെ പഞ്ചായത്തില്‍ പത്മനാഭനെ കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. പത്മനാഭന് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ചിരുന്നതു. ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതേതുടര്‍ന്ന് അധ്യാപകനെ മഞ്ചേശ്വരം ഗോവിന്ദപൈ കോളെജിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹപ്രവര്‍ത്തകരെ വാട്സാപ്പില്‍ മെസേജ് ആയും ഫോണ്‍ വിളിച്ചും അറിയിച്ചിരുന്നു. മറ്റ് ആശുപത്രിയിലേക്ക് അധ്യാപകനെ മാറ്റാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. വിദഗ്ധ ചികില്‍സ ആവശ്യമുണ്ടെന്ന് അധികൃതരെ പത്മനാഭന്‍ അറയിച്ചെങ്കിലും അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

തുടര്‍ന്ന് ഞായറാഴ്ച രാവിലെ പത്മനാഭന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വച്ച് മരണത്തിന് കീഴടങ്ങി. ഗുരുതരമായ വീഴ്ചയാണ് അധികൃതര്‍ക്ക് സംഭവിച്ചതെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം കാസര്‍ഗോഡ് ജനറലാശുപത്രിയിലേക്ക് മാറ്റി.  പത്മനാഭന്‍ രണ്ടുവര്‍ഷം മുമ്പാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ ബാങ്കിലായിരുന്നു ജോലി. അവിവാഹിതനാണ്. പരേതരായ കുട്ടി മേസ്ത്രിയുടെയും ലക്ഷ്മിയുടെയും മകനാണ്. കൃഷ്ണന്‍ സഹോദരനാണ്.

Share via
Copy link
Powered by Social Snap